കല്യാണപ്പന്തലില്‍ നിന്നും മൈതാനത്തേക്ക്; സോഷ്യൽ മീഡിയയിലെ താരമായി റിദ്വാന്‍

കല്യാണപ്പന്തലിൽ നിന്നും മൈതാനത്തേക്കിറങ്ങി സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ്
മലപ്പുറം കാളികാവ് സ്വദേശി റിദ്വാൻ. കല്യാണ ദിവസം തന്നെ സെവൻസ് കളിക്കാനിറങ്ങിയാണ് ഈ യുവതാരം കയ്യടി നേടിയത്. ഫിഫ മഞ്ചേരിയുടെ താരമാണ് റിദ്വാന്‍.
ഞായറാഴ്ച വൈകുന്നേരം വരെ പുതുമണവാളന്റെ പകിട്ടിലായിരുന്നു റിദ്വാന്‍. കല്യാണത്തിന് വന്ന ടീം മാനേജർ യാഷിഖ് ആശംസയ്ക്കൊപ്പം രഹസ്യമായി ഒരു കാര്യം ചോദിച്ചു, ഇന്ന് നിനക്ക് ബൂട്ട് കെട്ടാൻ പറ്റുമോ. വണ്ടൂരിൽ സെമി ഫൈനലാണ്. ഉപ്പ സമ്മതിച്ചാൽ തയ്യാറെന്ന് മറുപടി. പിതാവ് റഹ്മത്ത് പച്ചക്കൊടി വീശിയതോടെ പിന്നെ വിവാഹ വസ്ത്രം അഴിച്ച് ജേഴ്സി യും എടുത്ത് ഗ്രൗണ്ടിലേക്ക്.കളിക്കാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ ഭാര്യ ഫഹീദക്കും സമ്മതം.സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ഇപ്പോൾ തമിഴ്നാട്ടിൽ എം.ബി.എ പഠിച്ചു കൊണ്ടിരിക്കുകയാണ് ഫിഫ മഞ്ചേരിയുടെ മിന്നും താരമായ റിദ്വാന്‍.

കടപ്പാട്