ലോക്‌സഭാ തിരഞ്ഞെടുപ്പ് ; ‘മോദി വാരിയേർസ്’ സൈബര്‍ യുദ്ധത്തിന് വേണ്ടി കരുക്കള്‍ നീക്കി തുടങ്ങി

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണം മൂര്‍ധന്യത്തിലാകുന്ന തിരഞ്ഞെടുപ്പായിരിക്കും വരാനിരിക്കുന്നത് . സൈബര്‍ വാര്‍ റൂമുകള്‍ തുറന്നു തിരഞ്ഞെടുപ്പ് യുദ്ധത്തിന് ആയുധങ്ങള്‍‌ മൂര്‍ച്ച വരുത്തുകയാണ് എല്ലാ പാര്‍ട്ടികളിലെയും അണികള്‍. 2014ലെ പൊതുതിരഞ്ഞെടുപ്പിലാണ് സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിച്ചത്. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും അധികാരത്തില്‍ എത്തിക്കുന്നതില്‍ സമൂഹമാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമായിരുന്നു . ഫെയ്സ്ബുക്, ട്വിറ്റര്‍, വാട്സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളില്‍ വന്‍സ്വാധീനമുള്ള ലോകനേതാവ് എന്ന നിലയിലേക്കു മോദി വളരുകയും ചെയ്തു.

നാലര വര്‍ഷം പിന്നിട്ട് അടുത്ത തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ബി.ജെ.പിക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ്, തൃണമൂല്‍, ബി .എസ് .പി , എസ.പി , ടി.ആര്‍.എസ്, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവരും രംഗത്തുണ്ട്. എന്നാല്‍, സമൂഹമാധ്യമങ്ങളിലും സൈബറിടത്തിലും മോദിക്കുള്ള മുന്‍തൂക്കം ഉപയോഗപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ആരാധകരും പാര്‍ട്ടിയും.

ബി.ജെ.പിയുടെ ഐ.ടി സെല്ലിനു കീഴില്‍ ‘മോദി വാരിയേഴ്സ്’ എന്ന പേരില്‍ പ്രത്യേക വിഭാഗമായാണ് ഇവരുടെ പ്രവര്‍ത്തനം. ‘ഒരുവട്ടം കൂടി മോദി’, ‘എന്റെ ആദ്യവോട്ട് മോദിക്ക്’, ‘പ്രധാനമന്ത്രിയായി മോദി’ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ വിവരിച്ചു ജനുവരി 18ന് ‘അഞ്ചു വര്‍ഷം ചലഞ്ച്’ എന്നൊരു ഹാഷ്ടാഗ് ക്യാംപെയ്നും തുടങ്ങിയിട്ടുണ്ട്.