മൈക്കിള്‍ ജാക്‌സണ്‍ ഏഴ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; ഗുരുതര ആരോപണവുമായി ഡാന്‍സ് കൊറിയോഗ്രാഫര്‍

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സണ്‍ തന്നെ ഏഴ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന ആരോപണവുമായി ഡാന്‍സ് കൊറിയോഗ്രാഫര്‍ രംഗത്ത്. വേഡ് റോബ്സണ്‍ എന്ന ഡാന്‍സ് കൊറിയോഗ്രാഫറാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് റോബ്സണ്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ചെറുപ്പകാലത്ത് മൈക്കിള്‍ ജാക്സണ്‍ ലൈംഗികമായി ഉപയോഗിച്ചതിനെ കുറിച്ചും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ എങ്ങനെ അതിനെ അതിജീവിച്ചു എന്നതിനെ കുറിച്ചും ലോകത്തിന് മുമ്പില്‍ രണ്ട് യുവാക്കള്‍ വിവരിക്കുന്നതാണ് ഡോക്യുമെന്ററി.
തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 2016 ല്‍ ജാക്ക്സണിന്റെ എസ്റ്റേറ്റിനെതിരെ 1.6 ബില്യണ്‍ തുകയുടെ നഷ്ടപരിഹാരക്കേസ് നല്‍കിയ വ്യക്തിയാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ വേഡ് റോബ്സണ്‍ എന്ന 36 കാരന്‍. ഏഴാം വയസ്സിലാണ് മൈക്കിള്‍ ജാക്സണ്‍ ആദ്യം പീഡിപ്പിച്ചതെന്ന് പരാതിയില്‍ റോബ്സണ്‍ പറയുന്നു. ഈ പീഡനം തനിക്ക് 14 വയസ് ഉള്ളപ്പോള്‍ വരെ നേരിടേണ്ടി വന്നു എന്ന റോബ്‌സണ്‍ പറയുന്നു.