‘അന്നേ ചെരിപ്പൂരി അടിക്കണമെന്നായിരുന്നു’ ; മീ ടു ക്യാമ്പയിനെ തളളി പറഞ്ഞ് ഷക്കീല

മീ ടു ക്യാമ്പയിനെ എതിർത്ത് ഷക്കീല. തന്റെ ജീവീതം ആസ്‌പദമായി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. പഴയ കാര്യങ്ങൾ പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും ഇഷ്ടപ്പെടാത്ത രീതിയിൽ ആരെങ്കിലും പെരുമാറിയാൽ അന്നേ
ചെരിപ്പൂരി അടിക്കണമായിരുന്നുവെന്നും ഷക്കീല പറയുന്നു .

ദുരനുഭവങ്ങൾ ഏറെയുണ്ടായിരുന്നുവെങ്കിലും അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചു കാണിക്കുകയാണ് ചെയ്തതെന്നും ഷക്കീല പറയുന്നു. മലയാള സിനിമയിൽ ഒരുപാട് അഭിനയിച്ചുവെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു . മലയാളത്തിൽ എന്റെ സിനിമകൾ വിതരണം ചെയ്ത് പണക്കാരായ പലർക്കും ഇന്ന് എന്നെ ഓർമ്മയില്ല. മലയാളത്തിൽ നിന്ന് തമിഴിലേയ്ക്ക് വന്നപ്പോൾ നാല് വർഷം ജോലിയില്ലാതെ ഇരുന്നുവെന്ന് ഷക്കീല പറഞ്ഞു.

ഷക്കീലയുടെ ആത്മകഥയും ജീവതത്തില്‍ അവര്‍ നേരിട്ട വെല്ലുവിളികളും സജീവ ചര്‍ച്ചയാക്കി നടന്‍ സലീംകുമാറിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഷക്കീലയെന്ന നായിക നടി ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമെല്ലാം വിവരിക്കുന്നതാണ് ആത്മകഥ.

ഇരുപത് പേരെയെങ്കിലും താന്‍ പ്രണയിച്ചുവെന്നും വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ ആ ബന്ധങ്ങള്‍ കണ്ടതെന്നും പക്ഷേ വിധി എല്ലാം മാറ്റി മറിച്ചെന്നും പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിത്തീര്‍ന്നെന്നും ഒരു പുതിയ പ്രണയത്തിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്നും ആത്മകഥയില്‍ ഷക്കീല വ്യക്തമാക്കുന്നുണ്ട്.