വിശ്വാസത്തെ മറയാക്കി ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമം കേരളസമൂഹം പരാജയപ്പെടുത്തും – മുഖ്യമന്ത്രി

വിശ്വാസത്തെയും ആചാരത്തെയും മറയാക്കി സ്ഥാപിതതാത്പര്യക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇത്തരം ശ്രമങ്ങളെ നവോത്ഥാനപാരമ്പര്യമുള്ള കേരളസമൂഹം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ, സാക്ഷരതാ മിഷന്‍ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനവികതയില്‍ അടിസ്ഥാനമായ നവോത്ഥാനമൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമം സമൂഹത്തില്‍ നടക്കുന്നത് ഗൗരവമായി കാണണം. അടിസ്ഥാന സാക്ഷരത പോലെ അനിവാര്യമായ ഒന്നാണ് ഭരണഘടനാ സാക്ഷരതയും. ഭരണഘടന സംരക്ഷിക്കണമെന്ന ഉത്തരവാദിത്വബോധം ജനങ്ങളില്‍ ഉയര്‍ത്താന്‍ ഭരണഘടനാസാക്ഷരതാ ജനകീയവിദ്യാഭ്യാസ പരിപാടി സഹായിക്കും. ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കാണ്.

ഭരണഘടനയെ വെല്ലുവിളിക്കാനുള്ള പ്രവണത വര്‍ധിച്ചുവരുന്നു. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി പൊരുത്തപ്പെടാത്തവരാണ് ഇത്തരം സമീപനം സ്വീകരിക്കുന്നത്.രാജ്യത്തിലെ എല്ലാ വിവേചനവും ഒഴിവാക്കാനുള്ള ഉള്‍ക്കാഴ്ചയുള്ള മൂല്യങ്ങളുള്ളതാണ് നമ്മുടെ ഭരണഘടനയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഭരണഘടനയാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിത്തറ. വിശ്വാസങ്ങള്‍ ഇതിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.