ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നുണ്ടോ ? പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍ മെസഞ്ചറിലും !

കോട്ടയം: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍ ! ഫേസ്ബുക്ക് മെസഞ്ചര്‍ വഴി ലിങ്ക് അയച്ചു കൊടുത്ത് സമാന്തര അക്കൗണ്ടുണ്ടാക്കുന്ന പുതിയ തട്ടിപ്പുമായാണ് ഹാക്കർമാർ ഇത്തവണ എത്തിയിരിക്കുന്നത് . ജില്ലയില്‍ നൂറുകണക്കിന് പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ക്ലോണ്‍ ചെയ്യപ്പെട്ടിരിക്കുന്നത്. നഗരത്തിലെ കോളേജ് വിദ്യാ‌ര്‍ത്ഥിനി പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചതോടെ തട്ടിപ്പ് പുറത്തറിഞ്ഞു .

സുഹൃത്തിന്റെ ക്ലോൺ ചെയ്യപ്പെട്ട അക്കൗണ്ടില്‍ നിന്ന് മെസഞ്ചറിലാണ് ലിങ്ക് ലഭിക്കുക. ലൈക്ക് ചെയ്യണമെന്ന അഭ്യര്‍ത്ഥനയും ഒപ്പമുണ്ടാകും.ക്ലിക്ക് ചെയ്‌താല്‍ ഉടന്‍ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ഹാക്കര്‍ക്ക് ലഭിക്കും. അക്കൗണ്ട് ഉടമ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കാനും ഇവരുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുമാണ് ഈ ക്ലോണ്‍ അക്കൗണ്ട് ഉപയോഗിക്കുന്നത്. ബ്ലാക്ക് മെയില്‍ ചെയ്യാനും കഴിയും. പരാതി ശ്രദ്ധയില്‍പ്പെട്ടതോടെ സൈബര്‍ സെല്‍ ക്ലോണ്‍ ചെയ്യപ്പെട്ടു എന്ന സംശയിക്കുന്ന അക്കൗണ്ടുകളില്‍ പരിശോധന നടത്തുന്നുണ്ട്.

ഫേസ്ബുക്ക് അക്കൗണ്ട് ക്ലോണിംഗിനും സ്‌പൂഫിംഗിനും പിന്നില്‍ മലയാളികള്‍ തന്നെയാണെന്നാണ് സൂചന. ക്ലോണിംഗിനു വിധേയമായ അക്കൗണ്ടുകളില്‍ ഭൂരിപക്ഷവും മലയാളി പെണ്‍കുട്ടികളുടേതാണ്. ഇവര്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ മലയാളികള്‍ അയയ്ക്കുന്നതിനു സമാനമായി മംഗ്ലീഷില്‍ എഴുതിയതാണ്. ഇതു കൂടാതെ തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്ന ഐ പി വിലാസങ്ങള്‍ പലതും കേരളത്തിനു സമാനമാണെന്ന സൂചനയാണ് ലഭിക്കുന്നത്. പാസ്‌വേ‌ര്‍ഡ് മാറ്റുകയും മറ്റ് ഏതെങ്കിലും സിസ്റ്റത്തില്‍ ഫെയ്‌സ് ബുക്ക് ആക്‌ടീവ് ആണെങ്കില്‍ ലോഗ് ഔട്ട് ചെയ്യുകയും ചെയ്യുന്നതും വഴി ഈ തട്ടിപ്പിന് ഇരയാവുന്നതിൽനിന്ന് രക്ഷ നേടാം .