”രാജ്യത്ത് നാല് പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ‍’’; മോഡി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. മോദി സര്‍ക്കാരിന്റെ നോട്ടു നിരോധനത്തിന് മുമ്പും ശേഷവുമുളള കാലയളവിനെ കൃത്യമായി രേഖപ്പെടുത്തുന്നതാണ് നാഷണൽ സാമ്പിൾ സർവ്വേ ഓഫീസിന്റെ (എന്‍.എസ്.എസ്.ഒ) ആനുകാലിക ലേബർ ഫോഴ്സ് സർവ്വേ ഫലം.
2017-18ല്‍ 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കായ 6.1%ത്തിലാണ് തൊഴിലില്ലായ്മ നിരക്ക് എത്തിനില്‍ക്കുന്നത്. മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് ബിസിനസ് സ്റ്റാന്‍ഡേഡ് പത്രമാണ് പുറത്തുവിട്ടത്.1972-73 വര്‍ഷത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നോട്ടു നിരോധനത്തിന് ശേഷം രാജ്യം നേരിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2.2 ശതമാനമായിരുന്നു 2011-12 കാലയളവിലെ തൊഴിലില്ലായ്മ.
2017-18ൽ, ഗ്രാമീണ മേഖലയില്‍ 15 നും 29 നും മധ്യേ പ്രായമുള്ള പുരുഷന്‍മാരിലെ തൊഴിലില്ലായ്മ നിരക്ക് 17.4% ആയി വർധിച്ചു. 2011ൽ ഇത് 5% ആയിരുന്നു. ഇവിടെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2011ൽ 4.8% ആയിരുന്നത്, 2017-18ആയപ്പോഴേക്കും 13.6 ശതമാനമായും ഉയര്‍ന്നു. അതേസമയം, ഗ്രാമീണ മേഖലയെ അപേക്ഷിച്ച് നോക്കുമ്പോള്‍ നഗര പ്രദേശങ്ങളിൽ ഈ നിരക്ക് ഇനിയും കൂടുതലാണെന്ന് കാണാം. 2017-18ൽ പുരുഷന്മാരിൽ 18.7%വും, സ്ത്രീകളില്‍ 27.2%വും ആണ് ഇത്.