പുരുഷന്മാരെ വശീകരിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ക്രൂരമായ കൊലപാതകം: ഒരാള്‍ പിടിയില്‍; ബ്രൂസ് കൊലപ്പെടുത്തിയത് എട്ട് പേരെ

ഒട്ടാവ : സ്വവര്‍ഗപ്രണയികളായ ആണുങ്ങളെ വശീകരിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ക്രൂരമായി അംഗഛേദം നടത്തി കൊലപ്പെടുത്തിയ ആള്‍ പിടിയില്‍. കാനഡയില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം . 2010 മുതല്‍ 2017 വരെയാണ് ഇയാള്‍ ഇത്തരത്തില്‍ എട്ടു പുരുഷന്മാരെ കൊലപ്പെടുത്തിയത്. ആന്‍ഡ്രൂ കിന്‍സ്മാന്‍ എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നാലെയാണ് ബ്രൂസ് മക് ആര്‍തര്‍ (67 ) എന്ന സീരിയല്‍ കൊലയാളിയിലേക്ക് അന്വേഷണം എത്തുന്നത്. ഇവര്‍ സുഹൃത്തുക്കളായിരുന്നു.
ഇയാളുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ അവിടെയുണ്ടായിരുന്ന കലണ്ടറില്‍ ബ്രുസ് എന്ന് അതേ തീയതിയില്‍ കുറിച്ചിട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കൊല്ലപ്പെട്ടവരെ താന്‍ വശീകരിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ക്രൂരമായി വധിക്കുകയായിരുന്നു എന്ന് ബ്രൂസ് പൊലീസിന് മൊഴി നല്‍കുകയും ചെയ്തു. ആന്‍ഡ്രൂ കിന്‍സ്മാനെ (49) കൂടാതെ, സെലിം എസന്‍ (44), മജീദ് കെഹാന്‍ (58), സൊരൗഷ് മഹ്മൂദി (50), ഡീന്‍ ലിസോവിച്ച്‌ (47), സ്‌കന്ദരാജ് നവരത്‌നം (40), അബ്ദുല്‍ബസീര്‍ ഫൈസി (42), കിരുഷ്‌നകുമാര്‍ കനഗരത്‌നം (37) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് പൊലീസിനോടു ബ്രൂസ് വെളിപ്പെടുത്തിയത്.കഷ്ണങ്ങളായി ഒളിപ്പിച്ചിരുന്ന എട്ടുപേരുടെയും മൃതദേഹങ്ങള്‍ പൊലീസ് പിന്നീട് കണ്ടെടുത്തു.കഴിഞ്ഞ ദിവസമാണു 8 കൊലപാതങ്ങള്‍ നടത്തിയതായി ഇയാള്‍ വെളിപ്പെടുത്തിയത്. വിചാരണ നടപടികള്‍ ഫെബ്രുവരി നാലിന് ആരംഭിക്കും.