കു​ട്ടി​ക​ളെ പ്ര​ദ​ര്‍​ശി​പ്പി​ച്ചു​ള്ള സ​മ​രം ശ​രി​യ​ല്ല; എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സ​മ​ര​ത്തെ ത​ള്ളി മ​ന്ത്രി ഷൈ​ല​ജ

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അമ്മമാരും കുട്ടികളും നടത്തുന്ന പട്ടിണി സമരത്തെ വിമര്‍ശിച്ച്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സെക്രട്ടേറിയേറ്റിനുമുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന്‍റെ സമരം നാല് ദിവസം പിന്നിടുകയാണ്. അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് സമരസമിതി. ഇന്നലെ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

മുഴുവന്‍ ദുരിത ബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധിപ്രകാരം അനുവദിച്ച സഹായധനം എല്ലാവര്‍ക്കും നല്‍കുക, ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സമരം നടത്തുന്നത്.

നാളെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തും. അര്‍ഹരായ മുഴുവന്‍ പേരെയും ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒന്‍പത് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ അമ്മമാര്‍ സമരത്തിനെത്തുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.

കഴിഞ്ഞ ജനുവരി 30നാണ് കാസര്‍കോട് നിന്നുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അമ്മമാര്‍ ഏകദിന സത്യാഗ്രഹ സമരം നടത്തിയിരുന്നു. അധികാരികള്‍ കണ്ണു തുറന്നില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സമരം നടത്തിയപ്പോള്‍ ഇരകളുടെ പുനരധിവാസത്തിനായി 50 കോടി രൂപയും കടം എഴുതിത്തള്ളാനായി ഏഴ് കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.