മോഷണത്തിലും പ്രകൃതിയോടുള്ള സ്നേഹം കൈവിടാതെ മോഷ്ടാക്കൾ; വ്യത്യസ്തരായ മോഷ്ടാക്കളെ കുടുക്കാനൊരുങ്ങി പൊലീസ്

മോഷ്ടാക്കൾ പലതരത്തിലാണ്. കാറുകളും മൊബൈലുകളും ആഭരണങ്ങളുമൊക്കെ മോഷ്ടിക്കുന്ന കള്ളന്മാരെക്കുറിച്ച് നമുക്ക് അറിയാം. എന്നാൽ ഇതാ വളരെ വ്യത്യസ്തരായ രണ്ട് മോഷ്ടാക്കൾ. വിലപിടിപ്പുള്ള ആഭരണങ്ങളൊന്നുമല്ല ഇവരുടെ ലക്ഷ്യം. വിലകൂടിയ പൂക്കളുള്ള ചെടികളാണ് ഇവർ മോഷ്ടിക്കുന്നത്. ഇന്നലെ ഇടുക്കിയിലെ ഹൈറേഞ്ചില്‍ നിന്ന് ചെടികൾ മോഷ്ടിക്കവെയാണ് ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയില്‍ രാജാക്കാട് പനയ്ക്കത്തൊട്ടിയില്‍ സ്‌പൈസസ് പാര്‍ക്കിലെത്തിയ സംഘം ആയിരക്കണക്കിന് രൂപ വിലമതിയ്ക്കുന്ന ചെടികളാണ് മോഷ്ടിച്ചത്.

പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെത്തിയാണ് പ്രകൃതി സ്നേഹികളായ ഈ കള്ളന്മാരുടെ ചെടി മോഷണം. തങ്ങള്‍ക്കാവശ്യമുള്ള വിലകൂടിയ ചെടികള്‍ തപ്പിയെടുത്ത് ഇവർ സ്ഥലം കാലിയാക്കും. ഒരുവിധത്തിലുമുള്ള നാശ നഷ്ടവും വരുത്താതെ തികച്ചും അച്ചടക്ക പരമായ മോഷണം. കഴിഞ്ഞ ദിവസം രാജാക്കാട് പ്രവര്‍ത്തിക്കുന്ന പനക്കത്തൊട്ടിയില്‍ സ്‌പൈസസ് ഗ്രാഡനില്‍ രാത്രിയിലെത്തിയ മോഷ്ടാകള്‍ ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ കുടുങ്ങിയെങ്കിലും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇപ്പോഴും അജ്ഞാതരാണ്. പതിനയ്യായിരത്തിലധികം വിലവരുന്ന ചെടികളാണ് ഇവിടെ നിന്നും ഇവര്‍ മോഷ്ടിച്ചത്. സ്ഥാപനമുടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാജാക്കാട് പൊലീസെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.