നെതര്‍ലന്‍ഡിലെ മുസ്‌ലിം വിരുദ്ധ നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു

നെതര്‍ലന്‍ഡിലെ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന ജൊറം വാന്‍ ക്ലവ്‌റെണ്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ഫ്രീഡം പാര്‍ട്ടി(പി.വി.വി)യിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍. അടുത്തകാലത്തായി ഇസ്‌ലാമിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. എഴുതാനായി ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയപ്പോഴാണ് മതം ആകര്‍ഷിച്ചതെന്ന് ജൊറം പറയുന്നു. 2010-2014 കാലത്താണ് പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിവിട്ടു.

പി.വി.വി വിട്ട ശേഷം സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ജൊറം 2017ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഒരൊറ്റ സീറ്റും ലഭിക്കാത്തതിനെ തുടര്‍ന്ന് രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു. ഇസ്‌ലാം കളവാണെന്നും ഖുര്‍ആന്‍ വിഷമാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ അത് പാര്‍ട്ടി നയം എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.