സീരിയല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

ഹൈദരാബാദ്: തെലുങ്കു സീരിയല്‍ താരം നാഗ ജാന്‍സി (21) ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയിലാണ് ജാന്‍സിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ മരണത്തില്‍ ദുരൂഹത അനുഭവപ്പെട്ടതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രണയപരാജയമായാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.അടുത്ത ബന്ധത്തിലുള്ള യുവാവുമായി നടി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിനോട് കുടുംബാംഗങ്ങള്‍ക്ക് അതൃപ്തിയായിരുന്നുവെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ ബന്ധത്തെക്കുറിച്ച്‌ പറഞ്ഞ് കുടുംബാംഗങ്ങള്‍ നിരന്തരം വഴിക്കിടാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

താരത്തെ അന്വേഷിച്ച്‌ ഫ്‌ളാറ്റിലെത്തിയ സഹോദരന്‍ ഏറെ വിളിച്ചിട്ടും ജാന്‍സി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മാ ടിവിയിലെ പവിത്രബന്ധന്‍ ഉള്‍പ്പടെ നിരവധി പരമ്ബരകളിലും ചില സിനിമകളിലും ജാന്‍സി വേഷമിട്ടിട്ടുണ്ട്.