വാദത്തിനിടെ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; ഒടുവിൽ അഭിഭാഷകര്‍ക്ക് താക്കീതുമായി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളിലെ വാദം പൂര്‍ത്തിയായി. പുന പരിശോധനാ ഹര്‍ജികളുടെ വാദം അന്തിമ ഘട്ടത്തിലെത്തിയ സമയത്താണ് നാടകീയ സംഭവങ്ങള്‍ കോടതി മുറിയില്‍ അരങ്ങേറിയത്. എല്ലാ വാദങ്ങളും ഒരു പോലെയാണെന്നും വാദങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ അഭിഭാഷകര്‍ ബഹളം വെച്ചു. വാദങ്ങള്‍ എ‍ഴുതി നല്‍കണമെന്നും ഗൊഗോയി വ്യക്തമാക്കി. കോടതിയില്‍ മര്യാദക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 56 കേസുകളാണ് കോടതിയില്‍ ശബരിമല വിഷയത്തില്‍ പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ പത്തോളം അഭിഭാഷകരാണ് വാദിയ്ക്കായി ബഹളം വച്ചത്.

എന്‍.എസ്.എസ്, ബ്രാഹ്മണസഭ, പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രി തുടങ്ങിയവര്‍ നല്‍കിയ ഹരജിയില്‍ അഭിഭാഷകര്‍ ഇതിനകം തന്നെ വാദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിക്കയാളുകളും ഒരേ വാദങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തിലാണ് വാദം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്.തുടര്‍ന്ന് അഭിഭാഷകരായ വെങ്കിട്ട രാമന്‍, വെങ്കിട്ട രമണി എന്നിവര്‍ വാദിക്കാന്‍ മുന്നോട്ടുവന്നു.
ഒന്നു രണ്ടുപേരെക്കൂടി കേട്ടശേഷം സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അഭിപ്രായം തേടുമെന്നും കോടതി വ്യക്തമാക്കി.