ബിജെപി നേതാവ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ ബിജെപിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശ് മുന്‍ മന്ത്രിയുമായ ഡോ. രാമകൃഷ്ണ കുസമരിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ ഇദ്ദേഹം കോണ്‍ഗ്രിസലേക്ക് പോവുന്നതായി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘ആഭര്‍ റാലി’യില്‍ വെച്ചാണ് രാമകൃഷ്ണ കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത് മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന ബി.ജെ.പി. നിലപാടാണെന്ന് കോണ്‍ഗ്രസ് വേദിയിലെ കന്നിപ്രസംഗത്തില്‍ രാമകൃഷ്ണ പറഞ്ഞു. അദ്ദേഹത്തിനൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ദോമന്‍ സിങ് നഗ്പുരെയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.