മുറിയിലിട്ട് പൂട്ടി ക്രൂരമര്‍ദനം; ലൈംഗിക പീഡനം ശ്രമം; വീട്ടുജോലിക്കായി ഒമാനിലെത്തിയ മലയാളി യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

മുക്കം: ഒമാനിലേയ്ക്ക് യുഎഇ വഴി മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വീട്ടിജോലിയ്‌ക്കെന്ന് പറഞ്ഞാണ് യുവതിയെ ഏജന്റുമാര്‍ എത്തിച്ചത്. രക്ഷപ്പെട്ട് എത്തിയ യുവതിയ്ക്ക് വെളിപ്പെടുത്താന്‍ ഉള്ളത് കൊടിയ പീഡനങ്ങളാണ്. മുക്കം സ്വദേശിയാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിട്ടുള്ളത്. അജ്മാനിലെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവിലാണ് മനുഷ്യക്കടത്ത് നടത്തുന്നത്. യുഎഇയില്‍ വീട്ടുജോലിക്കെന്ന് പറഞ്ഞ് അവിടെയത്തിച്ചശേഷം ഒമാനിലേക്ക് കടത്തി ഏജന്‍റുമാര്‍ക്ക് വില്‍ക്കുകയാണെന്ന് യുവതി പറഞ്ഞു.

നിരവധി സ്ത്രീകള്‍ ചതിയില്‍പെട്ടതായി മുക്കം സ്വദേശിനി വെളിപ്പെടുത്തി. ദുബായില്‍ വീട്ടുജോലി നല്കാമെന്ന് വാഗ്ദാനം ചെയ്താണ് മുക്കം സ്വദേശിയായ യുവതിയെ, കോഴിക്കോടുള്ള ഏജന്‍റ് യു.എ.ഇയിലേക്ക് അയച്ചത്. എന്നാല്‍ എത്തിച്ചതാവട്ടെ അജ്മാനിലായിരുന്നു. സുജയെന്ന് പരിചയപ്പെടുത്തിയ മലയാളി സ്ത്രീ അവരുടെ ഫ്ലാറ്റില്‍ ദിവസങ്ങളോളം പാര്‍പ്പിച്ച ശേഷം തന്നെ ഒമാനിലെ ഏജന്‍റിന് വില്‍ക്കുകയായിരുന്നു.

സന്ദര്‍ശക വിസയിലാണ് ഏവരെയും യുഎഇയില്‍ എത്തിക്കുന്നത്. 15 സ്ത്രീകള്‍ ഇത്തരത്തില്‍ കെണിയില്‍പെട്ട് ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ തടവില്‍ കഴിയുന്നുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ലൈംഗിക പീഡനത്തിനുള്ള ശ്രമം ഉണ്ടായെന്നും വിസമ്മതിച്ചപ്പോള്‍ ചൂല് ഒടിച്ച്‌ നടുവിന് ക്രൂരമായി മര്‍ദിച്ചെന്നും യുവതി വെളിപ്പെടുത്തി. മാസങ്ങള്‍ക്ക് ശേഷമാണ് ഇവരില്‍ പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്.