യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം; കോഴിക്കോട്ടേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മസ്‌കറ്റ്: യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്, മസ്കത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ മര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് യാത്രക്കാരില്‍ ചിലരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്.

നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു. ഇതിന് പിന്നാലെ മറ്റുള്ളവര്‍ക്ക് ചെവി വേദനയും ആരംഭിച്ചു. ഇതോടെയാണ് വിമാനം നിലത്തിറക്കി തകരാര്‍ പരിഹരിച്ചത്. എയര്‍ക്രാഫ്റ്റ് പ്രഷറൈസേഷന്‍ കൃത്യമാക്കിയ ശേഷമാണ് വിമാനം വീണ്ടും യാത്ര ആരംഭിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരെ മെഡിക്കല്‍ ഏരിയയിലെത്തിച്ച്‌ പരിശോധന നടത്തിയിരുന്നു. മൂന്ന് കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിങ് 737-8 വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം വിമാനം യാത്രക്കാരുമായി പുറപ്പെട്ടു.