കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധം; സംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്ന പുരസ്കാരം നിരസിച്ചു

പ്രശസ്ത സംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്ന പുരസ്കാരം നിരസിച്ചു. കേന്ദ്രസർക്കാരിന്റെ പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ചാണ് ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചത്. പൗരത്വബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത പ്രതിഷേധമാണുണ്ടായത്. പുതിയ ബില്ല് രാജ്യത്ത് രണ്ട് തരം പൗരൻമാരെ സൃഷ്ടിക്കുമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ തുടർച്ചയെന്നോണമാണ് ഹസാരികയുടെ കുടുംബം ഭാരതരത്ന പുരസ്കാരം നിരസിച്ചത്.
ലോക്സഭാ പടിവാതിൽക്കൽ എത്തിയിരിക്കവേ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണ് ഭൂപെൻ ഹസാരികയുടെ കുടുംബത്തിന്റെ ഈ തീരുമാനം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളാണ് ഭൂപെൻ ഹസാരിക. അറിയപ്പെട്ടിരുന്നത് ഒരു പാട്ടുകാരനായിട്ടായിരുന്നെങ്കിലും ഭൂപേൻ കൈവെക്കാത്ത മേഖലകൾ കുറവാണ്. വടക്കുകിഴക്കൻ ഇന്ത്യയിലെ അസം എന്ന കൊച്ചു സംസ്ഥാനത്തെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ ഹസാരികയ്ക്കുള്ള പങ്ക് ചെറുതല്ല.