‘കൈയ്യിലെന്താടാ? ‘പനിയ്ക്കുള്ള മരുന്നാണ് സാറേ…’എക്‌സൈസിന്റെ മുന്നിൽ ലഹരി മരുന്ന് വാങ്ങാനെത്തിയ ആളുടെ കിടിലം മറുപടി

കൊച്ചി: എക്‌സൈസ് എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞപ്പാടെ മരുന്നുമായി ഓടിരക്ഷപ്പെടാന്‍ ശ്രമം നടക്കുന്നതിനിടെ നാടകീയ രംഗങ്ങൾ . ലഹരി വില്‍പ്പനക്കാരന്റെ കൈയ്യില്‍ നിന്ന് മരുന്ന് വാങ്ങാന്‍ എത്തിയതായിരുന്നു പെരുമ്പടപ്പ് സ്വദേശി എബിന്‍ ആന്റണി (21). എക്‌സൈസിനെ കണ്ടപ്പാടെ വില്‍പ്പനക്കാരന്‍ ഓടിരക്ഷപ്പെടുകയും ഒന്നും അറിയാതെ പണം നല്‍കാന്‍ വന്ന യുവാവ് ഇയാള്‍ക്ക് പിന്നാലെ ഓടുകയും ചെയ്‌തു .

ഓടികിതച്ച്‌ എത്തിയത് എക്‌സൈസ് സംഘത്തിന്റെ മുന്‍പിലെത്തിയതോടെ കാര്യങ്ങള്‍ മൊത്തത്തില്‍ കുഴഞ്ഞു. മരുന്ന് വില്പനയ്ക്കായി കൊണ്ടുവന്ന മട്ടാഞ്ചേരി ചക്കാമാടം ജൂ ടൗണ്‍ സ്വദേശി അരുണ്‍ ജോര്‍ജ് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. പെരുമ്പടപ്പ് ഭാഗത്തെ ഇടവഴിയിലാണ് ലഹരി ഇടപാട് നടന്നിരുന്നത്. എബിന് അരുണ്‍ ലഹരി ഗുളികകള്‍ കൈമാറിയിരുന്നു.

ലഹരി മരുന്നാണെന്ന് ഉറപ്പിച്ച ശേഷം പണവും നല്‍കി. എന്നാല്‍ പണം കൈപ്പറ്റാനായി നിന്നിരുന്ന അരുണ്‍ എക്സൈസിന്റെ വാഹനം കണ്ട് ഓടുകയായിരുന്നു. കാര്യം പിടികിട്ടാതിരുന്ന എബിന്‍ ഇയാളുടെ പിറകെ പണവുമായി ഓടി. എബിന്‍ ഓടി എത്തിയത് എക്സൈസ് വാഹനത്തിന് മുൻപിലേക്ക് .വഴിയില്‍ നിന്ന ഒരാള്‍ ഓടി മറയുകയും മറ്റൊരാള്‍ തങ്ങളുടെ വാഹനത്തിന് നേരെ ഓടി വരുന്നതും കണ്ട എക്സൈസുകാരും ആദ്യം ഒന്നു പകച്ചു.

തങ്ങളുടെ സമീപം ഓടിക്കിതച്ചെത്തിയ എബിനോട് എക്സൈസ് കാര്യങ്ങള്‍ തിരക്കി. കൂട്ടുകാരന് പനിയാണെന്നും അവനുള്ള മരുന്നും വാങ്ങി വന്നതാണെന്നും പക്ഷേ അവന്‍ മരുന്ന് വാങ്ങാതെ ഓടിപ്പോയെന്നും അത് കൊടുക്കാനാണ് താന്‍ പിന്നാലെ ഓടിയതെന്നും എബിന്‍ പറഞ്ഞു. ‘ഓടിച്ചിട്ട് കൊടുക്കുന്ന മരുന്ന്’ എന്നാല്‍ ഒന്ന് കാണിക്കാന്‍ എക്‌സൈസും ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ലഹരി മരുന്ന് കണ്ടെത്തിയതും ശേഷം പിടിവീണതും. 54 നൈട്രോസെപാം ഗുളികകള്‍ എബിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തു. 70 ഗ്രാം കഞ്ചാവും ഇയാളുടെ കൈയില്‍ നിന്ന് കണ്ടെടുത്തു.