മക്കള്‍ നീതി മയ്യത്തിനുള്ള ക്ഷണം പിന്‍വലിച്ച്‌ കോണ്‍ഗ്രസ്; കാരണം ഡി.എം.കെയുടെ അതൃപ്തിയെന്ന് സൂചന

ചെന്നൈ:ഉലകനായകന്‍ കമല്‍ഹാസന് നല്‍കിയ ക്ഷണം പിന്‍വലിച്ച്‌ കോണ്‍ഗ്രസ്. ഡി.എം.കെ അഴിമതി പാര്‍ട്ടിയാണെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണിത് . കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിലാണ് ഡി.എം.കെ അഴിമതി പാര്‍ട്ടിയാണെന്ന് കമല്‍ പറഞ്ഞത്. ഇതോടെ പാര്‍ട്ടിയിലേക്കുള്ള ക്ഷണം തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ്. അഴഗിരി പിന്‍വലിക്കുകയായിരുന്നു.

പാര്‍ട്ടി താഴ്‌ത്തിക്കെട്ടി പറഞ്ഞതില്‍ ഡിഎംകെയ്ക്ക് അതൃപ്തിയുണ്ടെന്നും അത് കോണ്‍ഗ്രസിനെ അറിയിച്ചുവെന്നുമാണ് വിവരം. ഡി.എം.കെയുടെ അതൃപ്തി സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്ന് കുറച്ച് സമയത്തിനകമാണ് കോണ്‍ഗ്രസിന്റെ അറിയിപ്പെത്തിയത്. ഡി.എം.കെ സഖ്യം വിട്ടുവന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്നു കമല്‍ഹാസന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു.

മക്കള്‍ നീതി മയ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു . പുതുച്ചേരി ഉള്‍പ്പടെ നാല്‍പത് മണ്ഡലങ്ങളിലും പാര്‍ട്ടി ജനവിധി തേടും. കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് കമല്‍ഹാസന്‍ വ്യക്തമാക്കിയത്.