കെ.എസ്.ആർ.ടി.സിക്കുമുന്നിൽ പൊലീസ് ജീപ്പിന്റെ ‘ലൈറ്റ്’ അഭ്യാസം ; റോഡുകാണാൻ സാധിക്കാതെ കഷ്ടപ്പെട്ട് ഡ്രൈവർ (വീഡിയോ കാണാം)

രാത്രി യാത്ര നടത്തുമ്പോൾ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണ് മറ്റു വാഹനങ്ങളിൽ നിന്നുള്ള വെളിച്ചം . ഏറെ അപകടങ്ങൾക്ക് വഴിയൊരുക്കുന്നത് എതിരെ വരുന്നതും അല്ലാത്തതുമായ വാഹനങ്ങളുടെ ഹെഡ്‍ലൈറ്റുകളും മറ്റുമാണ് . അമിത പ്രകാശമുള്ള ലൈറ്റുകൾ തെളിയിച്ച് രാത്രി യാത്ര നടത്തുന്ന വാഹനങ്ങൾക്കെതിരെ പോലീസ് നടപടിയും ആരംഭിച്ചിട്ടുണ്ട് . എന്നാൽ , കെ.എസ്.ആർ.ടി.സി ബസിലെ രാത്രിയാത്രയ്ക്കിടെ നടന്ന ഈ സംഭവം മറ്റൊന്നാണ് .

കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിൽ രാത്രി യാത്രയിലാണ് സംഭവം.കണ്ണുതുറക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ബുദ്ധിമുട്ടുകയായിരുന്നു ഇൗ കെ.എസ്.ആർ.ടി.സി ഡ്രൈവർ. ബസിനു മുൻപിൽ പോകുന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ ജീപ്പാണ് പ്രശ്നങ്ങൾക്ക് കാരണമായത് . പൊലീസ് ജീപ്പിന് മുകളിൽ വച്ചിരിക്കുന്ന ബീക്കൺ ലൈറ്റിൽ നിന്നും ചുവപ്പും, മഞ്ഞയും, നീലയും നിറത്തിൽ അമിത വെളിച്ചം റോഡിൽ നിറഞ്ഞതോടെ പിന്നാലെ വരുന്ന വാഹനങ്ങളിലെയും എതിരെ വന്ന വാഹനങ്ങളിലെ ഡ്രൈവർക്ക് റോഡ് പോലും കാണാൻ കഴിയാത്ത അവസ്ഥയിലായി.

‘ഒന്നും കാണാൻ കഴിയുന്നില്ല സാറെ..’ എന്ന് നിസ്സഹായനായി ഡ്രൈവർ അടുത്തിരിക്കുന്ന വ്യക്തിയോട് പറയുന്നതും വിഡിയോയിൽ നിന്നും വ്യക്തമാണ്. ഒടുവിൽ യാത്രക്കാരും ‘ആരെങ്കിലും ഒന്ന് പറയൂ ആ വണ്ടി ഒന്ന് നിർത്താൻ, കണ്ണ് കാണാൻ പോലും കഴിയുന്നില്ല.’ എന്ന് പറയുണ്ടായിരുന്നു . ബസിലുണ്ടായിരുന്ന യാത്രക്കാരനാണ് ഇൗ വീഡിയോ പകർത്തിയത്.കൂടാതെ ഫേസ്ബുക്കിൽ സംഭവത്തെപറ്റി വിവരിച്ചിട്ടുമുണ്ട് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

കേരളാ ട്രാഫിക് പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് ഏറെ ഇഷ്ടപെടുന്ന ഒരാൾ ആണ് ഞാൻ .. ട്രാഫിക് നിയമങ്ങൾ വളരെ ലളിതമായി നമ്മുടെ യുവതലമുറയിൽ എത്തിക്കാൻ ഈ പേജ് നിർവഹിക്കുന്ന പങ്ക് ചെറുതല്ല … അങ്ങനെ ഇരിക്കെ ഇന്നലെ ആ പേജിൽ വന്ന ഒരു പോസ്റ്റ് ശ്രദ്ധയിൽ പെട്ടു, മറ്റുള്ള വാഹങ്ങളിൽ വരുന്നവരുടെ കണ്ണടിച്ചു പോകുന്ന തരത്തിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ കത്തിച്ചു വരുന്ന വാഹനങ്ങൾക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന്… തീർച്ചയായും വളരെ നല്ല തീരുമാനം, നടപടി കൈക്കൊള്ളേണ്ട കാര്യം തന്നെ .. അങ്ങനെ ഇരിക്കുമ്പോളാണ് കഴിഞ്ഞ ആഴച ഒരു സുഹൃത്ത് അയച്ചു തന്ന ഭീതി ജനകമായി പ്രകാശം പരത്തി പോകുന്ന ഒരു വാഹനത്തിന്റെ വീഡിയോ ഓർമയിൽ വന്നത്. കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിൽ രാത്രിയിലെ യാത്ര എത്ര ദുഷ്കരം ആണെന്ന് ആ റൂട്ടിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് അറിയാവുന്നതാണ് .. അപ്പോളാണ് കണ്ണ് തുറക്കാൻ പോലും പറ്റാതെ ഒരു ബസ് ഓടിച്ചു പോകുന്ന ഒരു ഡ്രൈവർ , ജീവൻ കയ്യിൽ എടുത്ത് പിടിച്ചു യാത്ര ചെയ്ത കുറെ യാത്രക്കാർ,. സംഭവം വേറെ ഒന്നുമല്ല ബസിനു മുമ്പിലായി പോകുന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ ജീപ്പാണ് വില്ലൻ .. ചുവപ്പും, മഞ്ഞയും, നീലയും ഒക്കെ അന്തരീക്ഷത്തിൽ മൊത്തമായി വിതറിയാണ് ആശാൻ പറക്കുന്നത് … കൊടും വളവുകളിൽ എത്തുമ്പോൾ പേടിച്ചിട്ടാകണം ആരൊക്കെയോ പറയുന്നത് കേൾക്കാം,”ആരെങ്കിലും ഒന്ന് പറയു ആ വണ്ടി ഒന്ന് നിർത്താൻ, കണ്ണ് കാണുന്നില്ലെന്ന് പറയു ” … തീർച്ചയായും അമിത പ്രകശം പരത്തുന്ന ലൈറ്റുകൾക്ക് മേൽ നിയന്ത്രണം വരുമ്പോൾ ഈ ലൈറ്റ് കൂടെ അമിത പ്രകാശ പരത്തൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രിച്ചാൽ നമ്മുടെ ട്രാഫിക് പോലീസിന് ലഭിക്കുന്ന കയ്യടികൾ അളവറ്റതാകും . ഇതൊരു പൗരന്റെ എളിയ അഭ്യർത്ഥന മാത്രമായി വായിക്കണം

https://www.facebook.com/sunil.kizhakkumbhagamsudheer?fref=nf