‘ഓപ്പറേഷൻ താമര’ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തന്റേതെന്ന് സമ്മതിച്ച് യെഡിയൂരപ്പ

‘ഓപ്പറേഷൻ താമര’ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തന്റേതു തന്നെയെന്ന് സമ്മതിച്ച് കർണാടക ബിജെപി അധ്യക്ഷൻ ബി.എസ് യെഡിയൂരപ്പ. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജെഡിഎസ് എംഎൽഎ നാഗനഗൗഡയെ ബിജെപിയിലെത്തിക്കാൻ മകൻ ശരണഗൗഡയ്ക്ക് 25 കോടി രൂപ യെഡിയൂരപ്പ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണ് വിവാദമായത്. കൂറുമാറാന്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്ക് കോടികള്‍ ബിജെപി വാഗ്ദാനെ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പുറത്തുവിട്ടത്. ജനതാദള്‍ എംഎല്‍എ നാഗനഗൗഡയുടെ മകന്‍ ശരണഗൗഡയുമായി യെദ്യൂരപ്പ സംസാരിക്കുന്ന ഓഡിയോ ആയിരുന്നു മുഖ്യമന്ത്രി പുറത്തുവിട്ടത്. ആദ്യം ഓഡിയോ ബിജെപി തള്ളിയെങ്കിലും ഇപ്പോള്‍ ശബ്ദരേഖയിലെ ശബ്ദം തന്‍റേത് തന്നെയാണെന്ന് യെദ്യൂരപ്പ സമ്മതിച്ചു.

ശബ്ദം തന്റേതെന്നു തെളിയിക്കാനായാൽ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്ന് നേരത്തേ വെല്ലുവിളിച്ച യെഡിയൂരപ്പ, സ്പീക്കറും സർക്കാരും അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെയാണ് നിലപാട് മാറ്റിയത്. തന്നെ കുടുക്കാൻ കുമാരസ്വാമി ശരണഗൗഡയെ അയയ്ക്കുകയായിരുന്നു എന്നാണ് പുതിയ നിലപാട്. യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ തനിക്ക് 30 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി മറ്റൊരു ജെഡിഎസ് എംഎല്‍എകൂടി രംഗത്തെത്തി. അഡ്വാന്‍സ് ആയി 5 കോടി നല്‍കിയെന്നും ബിജെപിയില്‍ എത്തിയാല്‍ 30 കോടി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം എന്നും എംഎല്‍എ വെളിപ്പെടുത്തി.

എട്ടിന് കർണാടക ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപാണ് മുഖ്യമന്ത്രി കുമാരസ്വാമി ശബ്ദരേഖ പുറത്തുവിട്ടത്. ശരണഗൗഡയെ കണ്ടിട്ടില്ലെന്നും ശബ്ദം മിമിക്രിക്കാരെ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നുമായിരുന്നു യെഡിയൂരപ്പയുടെ പ്രതികരണം. ഇതു തിരുത്തിയാണ് ദേവദുർഗയിലെ ഗസ്റ്റ് ഹൗസിൽ ശരണഗൗഡയെ കണ്ടിരുന്നതായി സമ്മതിച്ചത്. സ്പീക്കർ രമേഷ് കുമാറിനെ 50 കോടി രൂപ നൽകി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യങ്ങൾ പ്രധാനമന്ത്രിയും അമിത് ഷായും നോക്കിക്കൊള്ളുമെന്നും യെഡിയൂരപ്പ പറയുന്നതായി ഓഡിയോയിലുണ്ട്. എന്നാൽ സ്പീക്കർ സത്യസന്ധനാണെന്നും അദ്ദേഹത്തിന് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇപ്പോൾ പറയുന്ന യെഡിയൂരപ്പ സംഭാഷണത്തിൽനിന്ന് കുമാരസ്വാമിക്ക് ആവശ്യമുള്ള ഭാഗങ്ങൾ മാത്രമാണ് പുറത്തുവിട്ടതെന്നും ആരോപിക്കുന്നു.