കോഴിക്കോട് എംപി എം കെ രാഘവനെതിരെ പൊലീസ് കേസെടുത്തു

അഗ്രീൻകോ സഹകരണ സൊസൈറ്റി ചെയർമാനായിരിക്കെ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് എം.പി എം.കെ രാഘവനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയിലെ ക്രമക്കേട് കണ്ടെത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. 2002- മുതൽ 2013 വരെ എം.കെ രാഘവൻ ചെയർമാനായിരിക്കെ 77 കോടി ബാധ്യത വരുത്തിയെന്നാണ് കേസ്.

സഹകരണ സംഘമായ അഗ്രീൻകോയുടെ ആദ്യ മാനേജിങ് ഡയറക്ടറായിരുന്ന ബൈജു രാധാകൃഷ്ണൻ ഉന്നിച്ച പരാതിയാണ് എം.കെ രാഘവൻ എം.പിക്കെതിരായ കേസിന് അടിസ്ഥാനം. 2002 മുതൽ 2013 വരെ അഗ്രീൻകോയുടെ ചെയർമാനായിരുന്നു എം.കെ രാഘവൻ. ഈ കാലയളവിൽ വിറ്റഴിച്ച ഉൽപ്പന്നങ്ങൾക്കും വരവു ചെലവുകൾക്കും രേഖകൾ സൂക്ഷിച്ചില്ലെന്നതാണ് പ്രധാന പരാതി. സ്ഥാപനത്തിന്‍റെ ബാധ്യത 77 കോടി രൂപയായതായും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഓഡിറ്റ് റിപ്പോർട്ടിലൂടെയാണ് ഇവ പുറത്തുവന്നത്. നിലവിൽ കോഴിക്കോട് എം.പിയായ എം.കെ രാഘവൻ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് കേസ് എന്നതാണ് ശ്രദ്ധേയം.