ഇന്ത്യയെ മുസ്ലിം മുക്തമാക്കാനാണ് മോഡി ശ്രമിക്കുന്നത്-മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ

ഇന്ത്യയെ മുസ്‌ലിം മുക്തമാക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ. വയനാട് മാനന്തവാടിയിൽ നടന്ന എം.എസ്.എഫ് ദേശീയ നേതൃത്വ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയില്ലാത്ത, കോൺഗ്രസ് ഇല്ലാത്ത രാജ്യമെന്ന അജണ്ടയോടൊപ്പം മുസ്‍ലിം മുക്ത ഭാരതമെന്നതും ആർ.എസ്.എസിന്റെ അജണ്ടയാണെന്ന് പ്രഫസർ ഖാദർ മൊയ്തീൻ ആരോപിച്ചു. നാനാത്വത്തിൽ ഏകത്വം നിലനിൽക്കുന്ന രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ആര് നടത്തിയാലും അത് വിലപ്പോവില്ല. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്ന ശക്തികളെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.