ഷുക്കൂര്‍ വധം: സിബിഐ നടപടി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സിബിഐ നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. കണ്ണൂരിലെ ആക്രമണങ്ങളില്‍ മുഖ്യമന്തി പിണറായി വിജയന്‍ അടക്കമുള്ള ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സി പി എമ്മാണ് ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നത്. ടി പി ചന്ദ്രശേഖരന്‍ വധകേസും സി ബി ഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സി ബി ഐ അന്വേഷിച്ചാല്‍ ടി പി വധക്കേസിലും ഉന്നത സി പി എം നേതാക്കള്‍ ഇരുമ്ബഴിക്കുള്ളിലാവുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഷുക്കൂര്‍ കേസിലെ സിബിഐ കുറ്റപത്രം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഇനിയെങ്കിലും സിപിഎം പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

തലശ്ശേരി കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ടി വി രാജേഷിനെതിരെ ഗൂഡാലോചനക്കും കേസെടുത്തു. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മുസ്ലീംലീഗ് വിദ്യാര്‍ഥി വിഭാഗമായ എംഎസ്‌എഫിന്‍റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്ബിന് സമീപത്തുള്ള പട്ടുവത്ത് വച്ച്‌ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.