സബ്കളക്ടറെ അധിക്ഷേപിച്ച സംഭവം; എസ്.രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സ്വാഭാവിക നടപടികളിലേക്ക് കടക്കുമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിര്‍മാണമാണ് വിവാദമായത്. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്ന പേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ നിര്‍മാണം. സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് അവഗണിച്ച്‌ പണി തുടര്‍ന്നപ്പോള്‍ വെള്ളിയാഴ്ച റവന്യൂസംഘം തടയാനെത്തിയിരുന്നു. ഇവരെ രാജേന്ദ്രന്റെയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയുടെയും നേതൃത്വത്തില്‍ തടയാനെത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം.

തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തിന് വേദനയുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഇന്നലെ എസ്. രാജേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, മൂന്നാറിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും നിര്‍മ്മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ വനിതാ വ്യവസായ കേന്ദ്രത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള സബ്കളക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി.

ദേവികുളം സബ്കളക്ടര്‍ രേണു രാജിനെ അവഹേളിച്ച സംഭവത്തില്‍ എസ്. രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സബ് കളക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണവും വനിതാ സബ് കളക്ടറെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ രാജേന്ദ്രനോട് വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കൂടി പറഞ്ഞതോടെയും എം.എല്‍.എ രംഗത്തെത്തുകയായിരുന്നു.