ഒമ്പതുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 36കാരിക്കെതിരെ കേസ്

മലപ്പുറം: ഒമ്പതുവയസുകാരനെ പീഡിപ്പിച്ച 36കാരിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പലത്താണ് സംഭവം. ഒന്നര വര്‍ഷമായി ലൈംഗികമായ കുട്ടിയെ പീഡിപ്പിക്കുന്നതായാണ് പൊലീസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞയാഴ്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും കുട്ടിക്ക് ഇത് മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡി ലൈന്‍ പറയുന്നു. അനേകം തവണ കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. ചൈല്‍ഡ് ലൈനില്‍ നല്‍കിയ വിവരം അനുസരിച്ച്‌ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ ഇരു വീട്ടുകാരും തമ്മില്‍ വലിയ വഴക്കുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കുട്ടിയുടെ മൊഴി പോലീസ് എടുക്കും.