പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ വനിതാ മന്ത്രിയെ കയറിപിടിച്ച് ത്രിപുര മന്ത്രി; വീഡിയോ വൈറലാവുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയെ പിന്നില്‍ കയറിപിടിച്ച ത്രിപുര കായിക മന്ത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീഡിയോ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ഈ മാസം ഒമ്പതിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മന്ത്രി കുരുക്കിലായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും പങ്കെടുത്ത ചടങ്ങില്‍ വേദിയില്‍ വച്ചായിരുന്നു മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ കയറിപിടിച്ചത്. പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ പിന്നില്‍ നിന്ന് കയറിപിടിച്ചു. ഉടന്‍ തന്നെ വനിതാ മന്ത്രി മനോജ് കാന്തി ദേബിന്റെ കൈ തട്ടി മാറ്റുന്നുണ്ട്.