മലയാള യുവനടനും തെന്നിന്ത്യൻ നടിക്കും വിശ്രമിക്കാനായി എത്തിച്ച ആഡംബര കാരവനുകള്‍ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ് ; 2 ലക്ഷം രൂപ പിഴയടപ്പിച്ചു

കൊച്ചി : കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടത്തിയ പരിശോധനയില്‍ പ്രമുഖ മലയാള യുവനടനും തെന്നിന്ത്യയിലെ നടിക്കും വിശ്രമിക്കാനായി എത്തിച്ച മൂന്ന് ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി. 2 ലക്ഷം രൂപ പിഴ ഈടാക്കി . 19 സീറ്റുള്ള സ്വകാര്യ വാന്‍ നിയമാനുസൃതമല്ലാതെ കാരവനാക്കി മാറ്റിയതിനാണ് ഉടമയില്‍ നിന്ന് ഒന്നരലക്ഷം രൂപ ഈടാക്കിയത്. തമിഴ്‌നാട്ടിൽ മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള കാരവന്‍ കേരളത്തില്‍ കൊണ്ടുവന്നതിന് മറ്റൊരാളില്‍ നിന്നും 40000 രൂപ ഈടാക്കി. നിയമവിരുദ്ധമായി വാടകയ്‌ക്ക് കൊടുത്തതിന് മൂന്നാമത്തെയാളില്‍ നിന്ന് 10,000രൂപയും പിഴ ചുമത്തി.

കൊച്ചി കാക്കനാട് ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ അനധികൃത കാരവനുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇവിടെ എത്തിയത്. വകുപ്പിന്റെ രേഖകളില്‍ സ്വകാര്യ വാനുകളെന്ന് രേഖപ്പെടുത്തിയിരിക്കുന്ന വാഹനത്തിന്റെ സീറ്റുകള്‍ അഴിച്ചുമാറ്റി ബെഡ്റൂം, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളോടെയാണ് കാരവനാക്കി മാറ്റിയത്. ഇത് മോട്ടോര്‍ വാഹന നിയമപ്രകാരം കുറ്റകരമാണ്. രണ്ടാമത്തെ വാഹനം തമിഴ്നാട്ടില്‍ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം കേരളത്തില്‍ എത്തിച്ച്‌ ഉപയോഗിച്ചതായി കണ്ടെത്തി.

ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ കേരളത്തില്‍ വാടകയ്‌ക്ക് കൊടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാഹനത്തിന് നികുതി ചുമത്തിയത്. മൂന്നാമത്തെ വാഹനത്തിന്റെ രേഖകള്‍ കൃത്യമായിരുന്നെങ്കിലും പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള വാഹനം മറ്റൊരാളുടെ ഉപയോഗത്തിനായി വാടക‌യ്‌ക്ക് കൊടുത്തുവെന്നാണ് കുറ്റം. നേരത്തെയും സമാന രീതിയില്‍ നികുതി വെട്ടിച്ച്‌ കൊണ്ടുവന്ന കാരവനുകള്‍ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ നിന്ന് പിടികൂടിയിരുന്നു.