ശുക്കൂർ വധം;“ഇത്ര വലിയ ക്രൂരത ചെയ്യുന്ന സി.പി.എം രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭീകര സംഘടനയാണ് “-കെ എം ഷാജഹാന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാവുന്നു

ഫേസ്ബുക് പോസ്റ്റ് വായിക്കാം:

അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുറ്റപത്രത്തിൽ പറഞ്ഞ വിശദാംശങ്ങൾ ഞെട്ടിക്കുന്നതാണ്. അവയിൽ പ്രധാനപ്പെട്ട താഴെ കൊടുത്തിരിക്കുന്നു:

  • ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ ഷുക്കൂർ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ, 5 പ്രതികൾ പിന്തുടരുകയും 8 പ്രതികൾ എതിരെ വരികയും ചെയ്തു.തുടർന്ന് ഷുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്ന ആളുടെ വീട്ടിലേക്ക് ഓടിക്കയറി.
  • പ്രതികളിൽ 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേർന്ന് വീട് വളഞ്ഞു. 12.30 മുതൽ 2 മണി വരെ ഇവരെ തടഞ്ഞുവച്ചു.
  • ഡി വൈ എഫ് ഐ കണ്ണുപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശൻ എന്ന മൈന ദിനേശൻ 4 പേരുടേയും ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി.
  • സിപിഐ എം മൊറാഴ എൽ സി അംഗവും ജില്ല സഹകരണ ബാങ്ക് ജീവനക്കാരുമായ സി എൻ മോഹൻ 4 പേരുടേയും പേരും വിലാസവും ചോദിച്ചറിഞ്ഞു. തുടർന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം എ വി ബാബുവിനെ ഫോണിൽ വിളിച്ചു പറഞ്ഞു.
  • എ വി ബാബു, സി പി എം മുള്ളൂർ എൽ സി അംഗം പി പി സുരേഷൻ, അരിയിൽ ബ്രാഞ്ച് സെക്രട്ടറി കാരക്കാടൻ ബാബു, അരിയിൽ എൽ സി സെക്രട്ടറി യു വി വേണു എന്നിവർ കൂടിയാലോചിച്ച് ഷുക്കൂറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
  • ഷുക്കൂറിനെ വയലിലേക്ക് കൊണ്ടുപോയി ആക്രമിച്ചു.ഇരുമ്പ് വടികൊണ്ടുള്ള മർദ്ദനത്തോടെയായിരുന്നു തുടക്കം. പിന്നീട് മൂർച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി.
  • കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കെ വി സുമേഷ് നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിൽ കുത്തി.
  • ഡി വൈ എഫ് ഐ പാപ്പിനിശേരി ജോയിന്റ് സെക്രട്ടറി പി ഗണേഷൻ, കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി അനൂപ് എന്നിവരും കഠാര ഉപയോഗിച്ച് മുറിവേലിച്ചു.
  • ഓടുന്നതിനിടയിൽ പിന്നിൽ നിന്ന് വെട്ടിവീഴ്ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
  • വയൽ വരമ്പിൽ തമ്പടിച്ചിരുന്ന നാട്ടുകാരടക്കമുള്ള 200 ഓളം പേരിൽ ആരും ഒന്ന് ശബ്ദമുയർത്തുക പോലും ചെയ്യാതെ എല്ലാം കണ്ട് നിന്നു.

ഈ വിശദാംശങ്ങളിൽ നിന്ന് ഒരു കാര്യം പകൽ പോലെ വ്യക്തമാണ്. ഓരോ ഘട്ടത്തിലും കൊലപാതകം ആസൂത്രണം ചെയ്തതും, വിചാരണ നടത്തിയും, കൃത്യതയോടെ നടപ്പിലാക്കിയതും പരിപൂർണ്ണമായി സി പി എം കാർ മാത്രമാണ് എന്നതാണത്.
സി പി എം കരുടെ നേതൃത്വത്തിൽ നടന്ന ദാരുണമായ ഒരു ആൾക്കൂട്ടകൊലപാതകമായിരുന്നു ഷൂക്കൂറിന്റെത്!

എന്നാൽ സി പി എം ഇറക്കിയ പ്രസ്താവനയിൽ പറയുന്നത് നോക്കുക:
“മുസ്ലീം ലീഗ് പ്രവർത്തകർ ആക്രമം നടത്തിയ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ പാർട്ടി നേതാക്കളെ പട്ടുവം പഞ്ചായത്തിലെ അരിയിൽ വച്ച് മുസ്ലീം ലീഗ് ക്രിമിനലുകൾ അപായപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമായത്. അന്നേ ദിവസം കണ്ണുപുരം പഞ്ചായത്തിലാണ് നിർഭാഗ്യകരമായ ഒരു കൊലപാതകം നടന്നത് “.

ഒരു നിരാലംബനായ ചെറുപ്പക്കാരനെ മുന്നിൽ നിന്നും പുറകിൽ നിന്നും ഓടിച്ച് ഒരു വീട്ടിൽ കയറ്റുക,
എന്നിട്ട് 1000ത്തിലധികം പേർ ചേർന്ന് വീട് വളയുക,
തുടർന്ന് അയാളുടെ ഫോട്ടോ മൊബൈലിൽ പകർത്തി കൊല്ലാനുള്ളയാളെന്ന് ഉറപ്പ് വരുത്തുക,
എന്നിട്ട് അയാളുടെ പേരും മേൽവിലാസവും ചോദിച്ചറിയുക,
തുടർന്ന് അയാളെ കൊല്ലാൻ തീരുമാനിക്കുക,
എന്നിട്ട് 200 ഓളം പേരുടെ മുന്നിൽ വച്ച് അതിദാരുണമായി വെട്ടുക കുത്തുക, എന്നിട്ട് ഓടുന്നതിനിടെ, പിന്നിൽ നിന്ന് വെട്ടിവീഴ്ത്തി കൊല്ലുക !

ഇതെല്ലാം ചെയ്തിട്ട്, ചെയ്യിപ്പിച്ചിട്ട്, ഒന്നും അറിയാത്ത പോലെ” അന്നേ ദിവസം കണ്ണപുരം പഞ്ചായത്തിൽ നിർഭാഗ്യകരമായ ഒരു കൊലപാതകം നടന്നു ” എന്ന് പ്രസ്താവനയിറക്കുക !!!

ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും ഒരു രാഷ്ടീയ പാർട്ടിയല്ല, മറിച്ചൊരു ഭീകര സംഘടനയാണ് !!
ഈ ഭീകര സംഘടനയെ നിരോധിക്കണം എന്ന ആവശ്യമാണ് ജനങ്ങൾ ഉയർത്തേണ്ടത് !!

കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് ഇങ്ങനെ പറയുകയുണ്ടായി: “ഒരാൾ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് അയാളെ ആൾക്കൂട്ടം കൊല ചെയ്യുമ്പോൾ, ഭരണ ഘടനയാണ് കൊല ചെയ്യപ്പെടുന്നത്. ” (” When a mob lynches a person for the food that she/he eats, it is the Constitution which is lynched”).

ഒരു നിരാലംബനും നിരപരാധിയുമായ ചെറുപ്പക്കാരനെ വലിയൊരു ആൾക്കൂട്ടത്തിന് മുന്നിൽ വച്ച് അതിദാരണമായി കൊലപ്പെടുത്തുമ്പോൾ ഭരണഘടന എത്ര തവണയാണ് കൊല ചെയ്യപ്പെടുന്നത്?