‘ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക’ ; ഭീകരര്‍ക്ക്‌ അന്ത്യശാസനവുമായി ഇന്ത്യൻ സൈന്യം

ശ്രീനഗര്‍:പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരര്‍ക്ക്‌ അന്ത്യശാസനവുമായി സൈന്യം. ഇത് അവസാന മുന്നറിയിപ്പാണ്. ഇനി മാപ്പില്ലെന്നും, തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും കമാന്‍ഡര്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലന്‍ വ്യക്തമാക്കി.’കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക’ എന്നാണ് സൈന്യം ഭീകരര്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. സൈനിക മേധാവികള്‍ സംയുക്തമായി ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്‌.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്‌ സൈന്യമാണെന്നാണ് സൈനിക മേധാവികള്‍ പറയുന്നത്.കശ്മീരിലെ അമ്മമാരോട് ആരുടേയെങ്കിലും മക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാനും അവരോട് കീഴടങ്ങാന്‍ പറയണമെന്നും സൈനിക മേധാവി പറഞ്ഞു. ആരെങ്കിലും തോക്കെടുത്താല്‍ ഇനി നോക്കിനില്‍ക്കില്ലെന്നും വെടിവെച്ചു കൊല്ലൂമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ പൊലീസിന്‍റെയും സി.ആര്‍.പി.എഫിന്‍റെയും സൈന്യത്തിന്‍റെയും മേധാവികള്‍ സംയുക്തമായി ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശക്തമായ മുന്നറിയിപ്പ് സൈന്യം നല്‍കിയിരിക്കുന്നത് . ജമ്മു കശ്മീരില്‍ വലിയ ഓപ്പറേഷന് തന്നെ കരസേന തയ്യാറെടുക്കുന്നു എന്നതാണ് ഇതില്‍ നിന്നും മനസിലാക്കാൻ സാധിക്കുന്നത് . പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ സര്‍വസ്വാതന്ത്ര്യം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ വ്യക്തമാക്കിയിരുന്നു.