പുൽവാമ ഭീകരാക്രമണം; കൊല്ലപ്പെട്ട വസന്തകുമാറിന്‍റെ വീട് മുഖ്യമന്ത്രി സന്ദർശനം നടത്തി

വയനാട്: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി വി വസന്തകുമാറിന്‍റെ കുടുംബത്തെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി. രാവിലെ വസന്തകുമാറിന്‍റെ തൃക്കൈപറ്റയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ പി ജയരാജനും ഉണ്ടായിരുന്നു.

വസന്തകുമാറിന്‍റെ കുടുംബവുമായി സംസാരിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും പിന്തുണയും വാ​ഗ്‍ദാനം ചെയ്തു. വസന്തകുമാറിന്‍റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താൻ സ‌ർക്കാ‌‌ർ തീരുമാനിച്ചിരുന്നു.
വയനാട് വെറ്റിനറി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയായ ഷീനയ്ക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ജോലി നൽകാനായിരുന്നു തീരുമാനം. ഇതിൽ താൽപര്യമില്ലെങ്കിൽ എസ് ഐ തസ്തികയിൽ ജോലി നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വസന്തകുമാറിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വസന്തകുമാറിന്‍റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നൽകാനാണ് മന്ത്രി സഭായോ​ഗം തീരുമാനം. കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകാനും വസന്തകുമാറിന്‍റെ രണ്ട് മക്കളുടെയും ഇനിയുള്ള പഠന ചിലവുകളും വഹിക്കാനും സ‌ർക്കാ‌ർ തീരുമാനിച്ചിരുന്നു.