സൈനികന്റെ ശവസംസ്‌കാര ചടങ്ങിനിടെ ‘ഷൂ’ അഴിച്ചില്ല; ചടങ്ങിനെത്തിയ ബിജെപി നേതാക്കളോട് പൊട്ടിത്തെറിച്ച്‌ ബന്ധുക്കള്‍

ലഖ്‍നൗ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ശവസംസ്‌കാര ചടങ്ങിനിടെ ‘ഷൂ’ അഴിക്കാതിരുന്ന ബിജെപി നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച്‌ ബന്ധുക്കള്‍. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച പുല്‍വാമയിലുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട നാല് സൈനികരിലൊരാളാണ് അജയ് കുമാര്‍. ഉത്തര്‍പ്രദേശിലെ റ്റിക്കിരി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് സൈനികന്‍. കേന്ദ്ര മന്ത്രി സത്യപാല്‍ സിങ്ങ്, ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ്, ബിജെപി മീററ്റ് എംഎല്‍എ രാജേന്ദ്ര അഗര്‍വാള്‍ എന്നിവരാണ് സൈനികന്റെ സംസ്‌കാര ചടങ്ങില്‍ എത്തിയത്.
ഇവര്‍ക്കെതിരെയാണ് ബന്ധുക്കള്‍ രൂക്ഷമായി പ്രതികരിച്ചത്.

മൃതദേഹം ദഹിപ്പിക്കുന്ന സമയത്ത് ഇവര്‍ ഷൂ അഴിക്കാതിരുന്നതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ബഹളം വച്ച ബന്ധുക്കള്‍ ബോധത്തോടെ പെരുമാറാനും ഇവരോട് പറഞ്ഞു. കൈകൂപ്പി മാപ്പ് പറഞ്ഞ നേതാക്കള്‍ ഉടന്‍ തന്നെ ഷൂ അഴിച്ച്‌ മാറ്റുകയുംചെയ്തു. വ്യാപകമായി പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ സത്യപാല്‍ സിങ്ങും അഗര്‍വാളും സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.