കാസർഗോട്ടെ ഇരട്ടക്കൊലപാതകം; പ്രതിയുടെ വീട്ടിൽ പോയെന്ന് സമ്മതിച്ച് മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ

കാസർഗോഡ് പെരിയ കല്ല്യോട്ടെ ഇരട്ടക്കൊലപാതക കേസിലെ പ്രതി പീതാംബരന്‍റെ വീട്ടിൽ സന്ദർശനം നടത്തിയെന്ന് സമ്മതിച്ച് സിപിഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ. കൊലപാതകം നടത്തിയ പ്രതിയെ സംരക്ഷിക്കാൻ പാർട്ടിയോ താനോ ശ്രമിച്ചിട്ടില്ല. എന്നാൽ പീതാംബരൻ മാത്രമേ കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളു. പീതാംബരന്‍റെ കുടുംബത്തിന് കൊലപാതകത്തിൽ പങ്കില്ല. കൊലപാതകത്തെ തുടർന്ന് പല തവണ പീതാംബരന്‍റെ കുടുംബം ആക്രമിക്കപ്പെട്ടു. മാനസികമായി തകർന്നു നിൽക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താൻ അവരുടെ വീട്ടിൽ പോയതെന്നും കെ വി കുഞ്ഞിരാമൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലാണ് പീതാംബരന്‍റെ കുടുംബത്തെ സന്ദർശിച്ചത്. പീതാംബരന്‍റെ കുടുംബത്തിന് പണം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കെ വി കുഞ്ഞിരാമൻ ന്യൂസ് അവറിൽ പറഞ്ഞു.

പാർട്ടി അറിയാതെ പീതാംബരൻ കൊലപാതകം നടത്തില്ലെന്നും പാർട്ടിക്ക് വേണ്ടിയാണ് കുറ്റം സ്വയം ഏറ്റെടുത്തതെന്നും പീതാംബരന്‍റെ കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുൻ എംഎൽഎ പീതാംബരന്‍റെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. പാർട്ടി നിർദേശപ്രകാരമാണ് പീതാംബരൻ എല്ലാം ചെയ്തതെന്ന മുൻ നിലപാട് പിന്നീട് കുടുംബം മാറ്റിയിരുന്നു. എന്നാൽ മുൻ എംഎൽഎ പീതാംബരന്‍റെ കുടുംബത്തിന് പണം വാഗ്ദാനം നൽകിയെന്ന മലയാള മനോരമയുടെ വാർത്ത തെറ്റാണെങ്കിൽ മനോരമക്കെതിരെ മാന നഷ്ടക്കേസ് കൊടുക്കാൻ കുഞ്ഞിരാമൻ തയ്യാറാവണമെന്ന് രാഷ്ടീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു.