മുഖ്യമന്ത്രിക്ക് എതിരെ വാഴപ്പിണ്ടി ചാലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പെരിയ ഇരട്ടക്കൊലയില്‍ മൗനം പാലിച്ച സാംസ്‌കാരിക നായകന്മാര്‍ക്ക് വാഴപ്പിണ്ടി സമ്മാനിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയച്ചു കൊടുക്കാന്‍ ആഹ്വാനം. യൂത്ത്‌ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വാഴപ്പിണ്ടി ചാലഞ്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാസര്‍ഗോട്ടെ പെരിയ ഇരട്ടക്കൊലയെപ്പറ്റി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഫെബ്രുവരി 18 ന് FB യില്‍ ഇട്ട പോസ്റ്റില്‍ ആകെ ഉണ്ടായിരുന്നത് മൂന്നേ മൂന്ന് വാചകങ്ങള്‍.
നിഷ്ഠൂരമായ ആ കൊലപാതകങ്ങള്‍ മുഖ്യമന്ത്രിക്ക് ഹീനം പോലും ആയിരുന്നില്ല, ‘ ദൗര്‍ഭാഗ്യകരം ‘ മാത്രമായിരുന്നു.

ഇരട്ടക്കൊലയില്‍ മൗനം പാലിച്ച സാംസ്‌കാരിക മൂപ്പന്മാരുടെ രാഷ്ട്രീയ വിധേയത്വവും നട്ടെല്ലില്ലായ്മയും തുറന്നു കാട്ടി തൃശൂരിലെ സാഹിത്യ അക്കാദമി മുറ്റത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമായി നടത്തിയ പ്രതിഷേധ പ്രകടനത്തെ വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി FB യിലിട്ട പോസ്റ്റില്‍ വാചകങ്ങള്‍ അഞ്ച്!
‘സാമൂഹിക വിരുദ്ധ ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്” പോലും!

‘ എഴുത്തുകാരോട് എങ്ങനെ എഴുതണമെന്നു കല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല’ പോലും!

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,

തെറ്റ് സമ്മതിക്കുന്നു. ഞങ്ങള്‍ക്ക് തെറ്റ് പറ്റി. ആ വാഴപ്പിണ്ടികളുമായി ഞങ്ങള്‍ ആദ്യം പോവേണ്ടിയിരുന്നത് സാഹിത്യ അക്കാദമിയിലേക്കായിരുന്നില്ല, ക്ലിഫ് ഹൗസിലേക്കായിരുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ല, വാഴനാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ ഇത്ര അപഹാസ്യമായൊരു പ്രസ്താവനയിറക്കി പരിഹാസ്യനാകുമായിരുന്നില്ല. ഏതായാലും, കാസര്‍കോട് സി.പി.എം. നേതാക്കളും പ്രവര്‍ത്തകരും ഗൂഢാലോചന നടത്തി രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ എഴുത്തുകാര്‍ മൗനം പാലിച്ചെന്നും, ആ മൗനം ആര്‍ക്കുവേണ്ടിയായിരുന്നുവെന്നും താങ്കളുടെ ഈ പോസ്റ്റിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണല്ലോ.

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താങ്കള്‍ക്ക് നട്ടെല്ല് മാത്രമല്ല, ഓര്‍മശക്തിയും കളഞ്ഞു പോയോ? കേരളത്തിലെ എഴുത്തുകാരോട് എന്ത് എഴുതണം, എന്ത് പറയണം എന്നു കല്‍പ്പിച്ചതും, അനുസരിക്കാത്തവരെ തെരുവില്‍ കൈകാര്യം ചെയ്തതും ആരാണ്? ഏതു പാര്‍ട്ടികളാണ്? സക്കറിയയും സി.വി.ബാലകൃഷ്ണനും കെ.സി.ഉമേഷ് ബാബുവും എന്‍.പ്രഭാകരനും മുതല്‍ ഉണ്ണി ആര്‍ വരെയുള്ളവരോട് ചോദിച്ചു നോക്ക്.
താങ്കളുടെ ഈ ഉളുപ്പില്ലായ്മയും നട്ടെല്ലില്ലായ്മയും പരിഹരിക്കുന്നത് ഞങ്ങള്‍ ചലഞ്ച് ആയി ഏറ്റെടുക്കുന്നു. ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയച്ചു കൊണ്ട് വാഴപ്പിണ്ടി ചാലഞ്ച് ഇതാ തുടങ്ങുന്നു.

ജോണ്‍ ഡാനിയല്‍
യൂത്ത്‌ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി.