പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് സംഭവം. 23 കാരിയായ രമ്യ എന്ന അധ്യാപികയെയാണ് രാജശേഖരന്‍ എന്ന യുവാവ് കൊലപ്പെടുത്തിയത്. കോളേജ് പഠനകാലത്ത് രാജശേഖരന്‍ രമ്യയോട് പ്രണാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ രമ്യ അത് നിരസിച്ചു. തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ദിവസം രമ്യ നേരത്തെ തന്നെ സ്‌കൂളിലെത്തിയിരുന്നു. ഇതിന് പിന്നാലെ ക്ലാസിലെത്തിയ രാജശേഖരന്‍ രമ്യയുമായി വാഗ്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം, താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ട് പ്രതി സഹോദരിക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.