വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിൽ തൂക്കുപാലം പൊട്ടി അപകടം : പതിമൂന്നു പേര്‍ക്ക് പരിക്ക്

വാഗമണ്‍ വിനോദ സഞ്ചാരകേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം. അപകടത്തില്‍ പതിമൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിധിയിലധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണം.

അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്‍ പെട്ടത്. ഒരേ സമയം നാല് പേര്‍ക്ക് മാത്രം കയറാവുന്ന തൂക്കുപാലത്തില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്.

അതേസമയം സെക്യൂരിറ്റി ഉദ്യോദസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികള്‍ തൂക്കുപാലത്തില്‍ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അധികൃതര്‍ പറഞ്ഞു. വിനോദയാത്രക്കെത്തിയ 30 അംഗ സംഘത്തിലെ 15ലേറെപേരാണ് ഒന്നിച്ച്‌ തൂക്കുപാലത്തിൽ കയറിയത്. ഒരാഴ്ച മുൻപാണ് ഈ തൂക്കുപാലം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുറന്നു കൊടുത്തത്.