പഞ്ചാബില്‍ പോരാട്ടം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; മൻമോഹൻ സിംഗ് മത്സരിച്ചേക്കും

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയേറുന്നു. കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം തീരുമാനമുണ്ടാകും. അതേസമയം പഞ്ചാബ് സംസ്ഥാന സമിതിയില്‍ അദ്ദേഹത്തിനെ മത്സരിപ്പിക്കുന്നതിന് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. പല മണ്ഡലങ്ങളില്‍ മന്‍മോഹന്‍ സിംഗിന്റെ പ്രതിച്ഛായയെ കുറിച്ച് അമ്പരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്.

രാഹുല്‍ ഗാന്ധിയിലാണ് ഇനി സംസ്ഥാന ഘടകത്തിന്റെ പ്രതീക്ഷ. അദ്ദേഹത്തിന്റെ അനുവാദം ലഭിച്ചാല്‍ മന്‍മോഹന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമാകും. അതേസമയം ഇക്കാര്യത്തില്‍ സോണിയാ ഗാന്ധിയുടെ സമ്മതവും നിര്‍ണായകമാകും. പഞ്ചാബില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ മന്‍മോഹന്‍ സിംഗിന്റെ പേരുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡില്‍ മത്സരിപ്പിക്കാനുള്ള സമ്മര്‍ദവും ശക്തമാണ്.

മൻമോഹൻ സിംഗ് മത്സരിക്കുന്നത് പഞ്ചാബില്‍ നിന്നാകുമ്പോള്‍ അത് മൊത്തം സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതകളും വര്‍ധിപ്പിക്കും. അദ്ദേഹത്തിന്റെ സിഖ് പ്രതിച്ഛായയും പാര്‍ട്ടിക്ക് ഗുണകരമാണ്. അഞ്ച് മണ്ഡലങ്ങളില്‍ മന്‍മോഹന്‍ സിംഗിന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനോളം സ്വാധീനമുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും, അദ്ദേഹത്തിന്റെ സൗമ്യനായ രാഷ്ട്രീയക്കാരന്‍ എന്ന പ്രതിച്ഛായയും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പക്ഷേ അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിക്കണമെന്നും, എന്നാല്‍ രാജ്യസഭയിലേക്ക് മതിയെന്നും പറഞ്ഞ് കോണ്‍ഗ്രസ് രണ്ടായി വിഭജിച്ചിരിക്കുകയാണ്. അതിനിടെ അദ്ദേഹത്തിന് രണ്ട് സീറ്റുകള്‍ നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അമൃത്സറില്‍ നിന്ന് മന്‍മോഹന്‍ സിംഗ് ഇത്തവണ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പിച്ചിരുന്നു. ഇപ്പോഴിതാ ഗുര്‍ദാസ്പൂരും അദ്ദേഹത്തിനായി നല്‍കുകയാണ്.