പാകിസ്താനെതിരെ ആഞ്ഞടിച്ച് ഒവൈസി;”ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം അമ്പലങ്ങളിൽ നിന്ന് പ്രാര്‍ത്ഥനാ മണികള്‍ മുഴങ്ങും”

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അസദുദ്ദീന്‍ ഒവൈസി. പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ല. പത്താന്‍കോട്ടിലും ഉറിയിലും ഇതിന് മുമ്ബ് ആക്രമണം ഉണ്ടായി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട് പറയാനുള്ളത് ഇതാണ് നിങ്ങള്‍ നിങ്ങളുടെ നിഷ്കളങ്കതയുടെ മുഖം മൂടി അഴിച്ച്‌ വെക്കണം. മുംബൈയില്‍ നടന്ന ഒരു റാലിയിലാണ് പാക്കിസ്ഥാനെതിരെ ഒവൈസിയുടെ രൂക്ഷ വിമര്‍ശനം.
പ്രവാചകന്‍ മുഹമ്മദിന്‍റെ പടയാളി ഒരിക്കലും ആരേയും കൊല്ലില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ ജയ്ഷെ മുഹമ്മദല്ല, ജയ്ഷെ സാത്താനാണ്. മസൂദ് അസര്‍ നിങ്ങള്‍ മൗലാനയല്ല നിങ്ങള്‍ പിശാചിന്‍റെ ശിഷ്യനാണ്. ലക്ഷ്വര്‍ ഇ ത്വയ്ബ ലക്ഷ്വറി സാത്താനാണെന്നും ഒവൈസി വിമര്‍ശിച്ചു.ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത് പാക്കിസ്ഥാന്‍ ദുഖിക്കേണ്ട. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം പള്ളികളില്‍ നിന്ന് ബാങ്കുവിളിയും അമ്ബലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മണികളും മുഴങ്ങും. ഞങ്ങളുടെ രാജ്യത്തിന്‍റെ ഈ മനോഹാരിതയില്‍ പാക്കിസ്ഥാന് അസൂയയാണ്. ജനങ്ങള്‍ ഇവിടെ ഒന്നാണെന്നും ഒവൈസി പറഞ്ഞു.