ഇതാവണം പോലീസ്; ട്രെയിനില്‍ നിന്ന് വീണയാളെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച പൊലീസുകാരന് സോഷ്യൽ മീഡിയയുടെ കൈയ്യടി

ഭോപ്പാല്‍: ട്രെയിനില്‍ നിന്നും വഴുതി വീണ് ഗുരുതരമായി പരിക്കറ്റയാളെ തോളിലേറ്റി പൊലീസുകാരന്‍ നടന്നത് ഒന്നര കിലോമീറ്റര്‍. മധ്യപ്രദേശിലെ ഹൊഷാങാബാദിലെ പാഗധല്‍ റെയില്‍വേ സ്റ്റേഷനിലാണ് എല്ലാവര്‍ക്കും മാതൃകയാകുന്ന സംഭവം നടന്നത്. പരിക്കേറ്റയാളെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്.
റെയില്‍വേ ട്രാക്കിന് സമീപം ഒരാള്‍ പരിക്കേറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൂനം ബെല്ലോര്‍ എന്ന പൊലീസുകാരന്‍ സ്ഥലത്തെത്തിയത്. ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടി പ്രദേശത്ത് ആംബുലന്‍സ് സംവിധാനം ഇല്ലായിരുന്നു. തുടര്‍‌ന്ന് പൂനം ഇയാളെ തോളിലേറ്റി. ശേഷം റെയില്‍വേ ട്രാക്ക് വഴി ഏകദേശം ഒന്നര കിലോമീറ്ററിലധികം ഓടി അശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇയാളുടെ ആരോ​ഗ്യ നില മെച്ചപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.