സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും മത്സരിച്ച്‌ ഷെയര്‍ ചെയ്തത് `ആര്‍മ 2` വീഡിയോ ഗെയിമിന്റെ ശകലം; അപ് ലോഡ് ചെയ്‌തത്‌ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ്

ഇന്ത്യ ബാലകോട്ടിലും മുസ്സാഫര്‍ബാദിലും ചക്കോത്തിയിലും നടത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിച്ചത് തെറ്റായ ദൃശ്യങ്ങളെന്ന് റിപ്പോര്‍ട്ട്. ഒരു വീഡിയോ ഗെയിമിലെ ദൃശ്യങ്ങളാണ് ഇന്ത്യ നടത്തിയ അക്രമത്തിന്റേത് എന്ന രീതിയില്‍ പ്രചരിക്കുന്നത്.

ആര്‍മ 2 എന്ന വീഡിയോ ഗെയിമാണ് അക്രമ ദൃശ്യം എന്ന് തെറ്റിദ്ധരിച്ച്‌ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. 2015ല്‍ ആണ് ഗെയിമിലെ ഈ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. അജയ് കുശ്വാഹ എന്നയാളാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഈ വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. തിരിച്ചടിച്ച്‌ വീണ്ടും ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തത്.

നരേന്ദ്ര മോദിക്ക് കീഴിലുള്ള പുതിയ ഇന്ത്യയാണ് ഇതെന്നും 300 ഓളം തീവ്രവാദികളാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു.എന്നാല്‍ ഇതേ വീഡിയോ തന്നെ ഖാലിദ് പി.കെ എന്ന പാക് പൗരനും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇന്ത്യക്കെതിരെ പാക് വ്യോമസേനയുടെ ആക്രമണം’ എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

പാക് അധീന കാശ്മീരില്‍ കടക്കാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ശ്രമം പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയെന്നും പാക്കിസ്ഥാന്‍ തിരിച്ചടിച്ചെന്നും പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.വീഡിയോക്ക് അവകാശവാദവുമായി രണ്ട് രാജ്യത്ത് നിന്നും ആളുകളെത്തിയതോടെയാണ് വീഡിയോ തെറ്റായതാണ് എന്ന സത്യം പുറത്ത് വന്നത്.