ബന്ധു കൊടുത്ത് വിട്ട ബാഗിൽ മയക്ക് മരുന്ന്; 28 കാരിക്ക് ദുബായിൽ 10 വര്‍ഷം ജയില്‍ ശിക്ഷ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ 28കാരിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ. ബന്ധു കൊടുത്തയച്ച ബാഗാണ് ഇവരെ കുരുക്കിലാക്കിയത്. വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വന്നിറങ്ങിയ ഇവരുടെ ബാഗുകള്‍ എക്സ് റേ പരിശോധന നടത്തിയപ്പോള്‍ അസാധാരണമായ ചില വസ്തുക്കള്‍ ഉദ്യോഗസ്ഥർക്ക് ശ്രദ്ധയില്‍ പെടുകയും വിശദമായ പരിശോധന നടത്തുകയും ചെയ്യുകയായിരുന്നു. ബാഗിനുള്ളിലുണ്ടായിലുന്ന ഭക്ഷ്യ ധാന്യപ്പൊടിയുടെ അകത്ത് മറ്റൊരു കവറിലായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്. യുവതിയെ ചോദ്യം ചെയ്തപ്പോള്‍ നാട്ടില്‍ നിന്നും ബന്ധു തന്നതാണെന്നും അവരുടെ മകള്‍ക്ക് കൈമാറാന്‍ പറഞ്ഞുവെന്നും യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു. ബാഗിനുള്ളില്‍ എന്താണുണ്ടായിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു്. 4.5 കിലോഗ്രാം മയക്കുമരുന്നാണ് ഇവരുടെ ബാഗിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുവിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. 32കാരിയായ ബന്ധുവിനും കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.