കുട്ടികളുടെ ജീവനെടുക്കാൻ ‘മോമ’ ഗെയിം ; അടുക്കളക്കത്തികൊണ്ട് കഴുത്തുമുറിക്കാനൊരുങ്ങി കുട്ടികള്‍

വാട്‌സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും യുട്യൂബിലൂടെയുമൊക്കെ കളിക്കുന്ന മോമോ ചലഞ്ച് എന്ന ഗെയിമാണ് കുട്ടികളുടെ ജീവനെടുക്കാന്‍ എത്തിയിരിക്കുന്നത്. തന്റെ എട്ടുവയസ്സുകാരനായ മകന്‍ കറിക്കത്തികൊണ്ട് കഴുത്തുമുറിക്കാന്‍ തയ്യാറായെന്ന് കാണിച്ച്‌ ലിന്‍ ഡിക്‌സണെന്ന യുവതി രംഗത്തുവന്നതോടെയാണ് മോമോ ചലഞ്ചിന്റെ അപകടം ലോകം തിരിച്ചറിഞ്ഞത്.

ഉണ്ടക്കണ്ണുകളും നീണ്ട കറുത്ത തലമുടിയും നീണ്ട വായയുമുള്ള വിചിത്ര രൂപത്തിലുള്ള കഥാപാത്രമാണ് മോമോ. ജാപ്പനീസ് സ്‌പെഷ്യല്‍ ഇഫക്‌ട്‌സ് കമ്പനിയായ ലിങ്ക് ഫാക്ടറിയാണ് ഇതിന്റെ ശില്പികള്‍. ഈ ഗെയിം ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതല്ലെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ മോമോ ഉണ്ടാക്കുന്ന ഭയപ്പാട് കുട്ടികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. മോമോ കളിക്കാന്‍ തുടങ്ങിയശേഷം തന്റെ മകന് ഇരുട്ടിനെ പേടിയായെന്നും ഒറ്റയ്ക്കിരിക്കാന്‍ പോലും ഭയമായിരുന്നുവെന്നും ലിന്‍ ഡിക്‌സണ്‍ പറഞ്ഞു .

സ്വയം മുറിവേല്‍പ്പിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ് മോമോ ചലഞ്ചെന്ന് ലിന്‍ ഡിക്‌സണ്‍ പറയുന്നു. മോമോ കളിക്കുന്നതിനിടെ അടുക്കളയില്‍പ്പോയി കത്തിയെടുത്ത് കഴുത്തില്‍വെക്കാന്‍ മോമോ ആവശ്യപ്പെട്ടതായി തന്റെ മകന്‍ പറഞ്ഞുവെന്നും ലിന്‍ പറഞ്ഞു. സ്വയം മുറിവേല്‍പ്പിക്കുക, മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെടുത്തുക തുടങ്ങി കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് ഈ ഗെയിമെന്നും പരാതിയുണ്ട് .

അര്‍ജന്റീനയില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയുടെ മരണത്തിനും ബെല്‍ജിയത്തിൽ 13-കാരന്റെ മരണത്തിന് പിന്നിലും മോമോ ചലഞ്ചാണെന്ന പരാതി ഉയര്‍ന്നിരുന്നു. മോമോ കളിക്കുന്ന കുട്ടികള്‍ പഠനത്തിലും പിന്നോക്കം പോകുന്നതായി പരാതി വ്യാപകമാണ്.