ബിജെപി ഓഫീസിന്‌ സമീപം ഒളിപ്പിച്ചിരുന്ന ബോംബ്‌ പൊട്ടി; മൂന്ന് പേര്‍ക്ക് ഗുരുതരപരിക്ക്

തലശേരി ജൂബിലി റോഡ് ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപം പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. കൊല്ലം പള്ളിമുക്കിലെ സക്കീര്‍(36), കോഴിക്കോട് കുറ്റ്യേടി കടയങ്ങാട് കരിക്കുളത്തില്‍വീട്ടില്‍ പ്രവീണ്‍(33), വേളം കുളുക്കൂല്‍ താഴെ പുളിയില്‍കണ്ടി റഫീക്ക്(34) എന്നിവരെ ഗുരുതരപരിക്കോടെ തലശേരി ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 12ഓടയാണ് ഉഗ്ര ശബ്ദത്തില്‍ സ്‌ഫോടനം ഉണ്ടായതായി അറിയുന്നത്. പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സ്‌ഫോടനത്തില്‍ പ്രവീണിന്റെ മൂക്കിന്റെ ഒരുഭാഗം അറ്റുപോയി. കേള്‍വി ശക്തിയും നഷ്ടപ്പെട്ടു. മറ്റ് രണ്ടുപേര്‍ക്കും കൈക്കും കാലിനും ഗുരുതര പരിക്കുകളുണ്ട്. എംജി റോഡിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ പട്ടാപ്പകലുണ്ടായ സ്‌ഫോടനം നഗരത്തെനടുക്കുന്നതായി. പൂജാസ്റ്റോറിലേക്കാവശ്യമായ പച്ചിലമരുന്നുകള്‍ ശേഖരിക്കാന്‍ ചന്ദ്രവിലാസം ഹോട്ടലിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്ബിലെത്തിയതായിരുന്നു പരിക്കേറ്റവര്‍. കൂട്ടിയിട്ട കല്ലിന് മുകളില്‍ കയറി മരുന്ന് ശേഖരിക്കവെ വന്‍ ശബ്ദത്തോടെ ബോംബ് പൊട്ടത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൂവരും തെറിച്ചുവീണു.

സ്‌ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ആരോപിച്ചു. ബിജെപി വലിയ അക്രമത്തിന് കോപ്പു കൂട്ടുന്നുവെന്നാണ് സ്‌ഫോടനം നല്‍കുന്ന സൂചനയെന്നും ഷംസീര്‍ പറഞ്ഞു. പരിക്കേറ്റവരെ ജനറല്‍ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.