വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു; മോദിക്കെതിരെ കേസുമായി തൊഴിലാളികള്‍

മോദിക്കെതിരെ കേസുമായി തൊഴിലാളികൾ. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി എന്നാരോപിച്ചാണ് ഒമ്പത് സംസ്ഥാനങ്ങളിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ മോദിക്കെതിരെ കേസ് സമർപ്പിച്ചത്. ബിഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഗുജറാത്ത് എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 50 ജില്ലകളിലെ തൊഴിലാളികളാണ് രാജ്യത്തെ 150ഓളം പൊലീസ് സ്‌റ്റേഷനുകളിലായി കേസു നല്‍കിയിരിക്കുന്നത്. തൊഴിലാളികളേയും അവരുടെ കുടുംബത്തേയും ദ്രോഹിക്കണമെന്ന മനോഭാവത്തോടെയാണ് മോദി പ്രവര്‍ത്തിച്ചതെന്നും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയവരെ അറസ്റ്റു ചെയ്യണമെന്നും കൂട്ടായ്മ പറഞ്ഞു.

പദ്ധതിയുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് വേതനത്തെ ചൊല്ലി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ നടപ്പാക്കിയില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ആക്ട് സംഘര്‍ഷ് മോര്‍ച്ച (എന്‍ആര്‍ഇജിഎ) പുറത്തിറക്കിയ കുറിപ്പിലാണ് കേസ് നല്‍കിയതു സംബന്ധിച്ച വിവരങ്ങളുള്ളത്.