ഭാഗ്യം മലയാളികൾക്കൊപ്പം തന്നെ; അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ 23 കോടി രൂപ ആലപ്പുഴക്കാരന്

അബുദാബിയിൽ ഭാഗ്യം മലയാളികൾക്ക് തന്നെ. അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഈ വര്‍ഷം നടന്ന മൂന്നാം നറുക്കെടുപ്പിലും ഒന്നാം സമ്മാനത്തിന് അര്‍ഹനായത് ആലപ്പുഴ ജില്ലക്കാരന്‍ റോജി ജോർജാണ്. 1.2 കോടി ദിര്‍ഹം (ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് സമ്മാനതുക.

കുടുംബത്തോടൊപ്പം 12 വര്‍ഷത്തിലധികമായി കുവൈത്തില്‍ താമസിക്കുകയാണ് റോജി. സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേയ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന റോജി ഇതിന് മുമ്പും ടിക്കറ്റെടുത്തിട്ടുണ്ട്. അബുദാബി എയര്‍പോര്‍ട്ടില്‍ നടന്ന നറുക്കെടുപ്പിന് ശേഷം സമ്മാനവിവരം അറിയിച്ചുകൊണ്ട് വിളിച്ചപ്പോള്‍, പതിവുപോലെ ഒരു മലയാളി വിജയിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നറുക്കെടുപ്പ് നടക്കുന്ന ദിവസമായിരുന്നതിനാല്‍ ആര്‍ക്കാണ് സമ്മാനം എന്നറിയാന്‍ വെബ്സൈറ്റില്‍ പരിശോധിച്ചു. തന്റെ പേര് കണ്ട് ഞെട്ടിയപ്പോഴേക്കും സമ്മാനവിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ഫോണ്‍വിളിയുമെത്തി. അപ്രതീക്ഷിതമായിരുന്നുവെന്നും കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.