‘ഭീകര കേന്ദ്രങ്ങൾ ആക്രമിക്കും’ ; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ

പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നൽകി ഇറാൻ. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ഇറാൻ സർക്കാരിലെ ഉന്നതരും സൈന്യവും വ്യക്തമാക്കിയിട്ടുള്ളത്. അയൽരാജ്യങ്ങളുടെ അതിർത്തിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഇറാനിലെ ഐആർജിസി കുദ്സ് ഫോഴ്സ് കമാൻഡർ ജനറൽ‌ ഖ്വാസം സുലൈമാനി പറഞ്ഞു.

സ്വന്തമായി അണുബോംബുകളുള്ള രാജ്യമാണ് പാക്കിസ്ഥാൻ. ഇത്രയും ശക്തമായ രാജ്യത്തിനു മേഖലയിലെ ഭീകരസംഘടനകളെ തകർക്കാൻ സാധിക്കുന്നില്ലേ? ഇറാന്റെ ക്ഷമ പാക്കിസ്ഥാൻ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭീകരരെ തടയുന്നതിനായി ഇറാൻ–പാക്ക് അതിർത്തിയിൽ വലിയ മതിൽ നിര്‍മിക്കണമെന്ന് ഇറാനിയൻ പാർലമെന്റിലെ വിദേശ നയ കമ്മിഷൻ ചെയർമാൻ ഹെഷ്മത്തുള്ള ഫലഹത്പിഷെ ആവശ്യപ്പെട്ടു. അതിർത്തി വഴി ഇറാനിലേക്കുള്ള ആക്രമണങ്ങളെ ചെറുക്കണം. അതിനു പാക്കിസ്ഥാനു സാധിക്കുന്നില്ലെങ്കിൽ ഇറാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.