വീരമൃത്യു വരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാലുകളില്‍ തൊട്ട് വന്ദിച്ച്‌ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ (വീഡിയോ കാണാം)

ഡെറാഡൂൺ: രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ജവാന്മാരുടെ അമ്മമാരുടെ കാൽതൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ഡെറാഡൂണിലെ ഹതീബർക്കലയിൽ കൊല്ലപ്പെട്ട ജവാന്മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി അമ്മമാരുടെ കാൽതൊട്ട് വണങ്ങിയത്. അമ്മമാരുടെ കാൽ തൊടുന്ന മന്ത്രിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വീരമൃത്യുവരിച്ച ജവാന്മാരുടെ ഓരോ അമ്മമാരും വേദിയിലേക്ക് വരുമ്പോൾ അവരെ ഷാൾ പുതപ്പിച്ചും ബൊക്ക നൽകിയും ആദരിച്ച ശേഷം, മന്ത്രി അവരുടെ കാല്‍ തൊട്ടു വന്ദിക്കുന്നത് വീഡിയോയില്‍ കാണാം. മുസൂരി ബി.ജെ.പി എം.എൽ.എയായ ഗണേഷ് ജോഷിയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചടങ്ങിൽ വണ്‍ റാങ്ക് വണ്‍പെന്‍ഷന്‍ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ നിര്‍മ്മല സീതാരാമന്‍ വിമര്‍ശനമുന്നയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻ പട്ടാളക്കാര്‍ക്കായി 500 കോടിരൂപയാണ് നീക്കിവെച്ചതെങ്കില്‍ മോദി സർക്കാർ 35,000 കോടി രൂപയാണ് മാറ്റിവെച്ചതെന്ന് മന്ത്രി അവകാശപ്പെട്ടു. 60 വര്‍ഷമായി യുദ്ധ സ്മാരകം നടപ്പാവാതെ കിടക്കുകയായിരുന്നുവെന്നും ഫെബ്രുവരിയില്‍ മോദി യുദ്ധസ്മാരകം പണികഴിപ്പിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.