ട്രാഫിക് പോലീസുകാരുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠന റിപ്പോർട്ട്

ട്രാഫിക് പോലീസുകാരുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനന്തപുരി ആശുപത്രിയിലെ ഇ എന്‍ ടി വിഭാഗം. ഗതാഗത നിയന്ത്രണത്തിനെതിരെ കേള്‍ക്കുന്ന ഹോണിന്റെയും വണ്ടികളുടെയും അമിത ശബ്ദം പൊലീസുകാരെ ബധിരന്മാരാക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ 87 ശതമാനം ട്രാഫിക് പോലീസുകാര്‍ക്കും ഇത്തരത്തില്‍ നിരന്തരമായി കേള്‍ക്കുന്ന അമിത ശബ്ദം കാരണം കേള്‍വിക്ക് തകരാറുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

അനന്തപുരി ആശുപത്രിയിലെ ഓഡിയോളജിസ്റ്റായ സലീംഷ നസീറും, ആഷിക മീനുവുമാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. ആറ് മാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ വിന്യസിച്ച ട്രാഫിക് പോലീസുകാരെയാണ് പഠനത്തിന്റെ ഭാഗമായി തിരഞ്ഞെടുത്തത്. 130 പൊലീസുകാരെ കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കുകയൂം, സര്‍വ്വേ നടത്തുകയും ചെയ്തു. ഈ പഠനത്തിലാണ് ട്രാഫിക് പോലീസുകാര്‍ക്ക് കേള്‍വി ശക്തിയില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയത്.