കോൺഗ്രസിന് ആശ്വസിക്കാം; ‘ബാലാക്കോട്ട്’ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് സർവേ ഫലം

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ബാലക്കോട്ടില്‍ നടത്തിയ മിന്നലാക്രമണം മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്നാണ് ബിജെപി കണക്കാക്കുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണവും തുടര്‍ സംഭവങ്ങളും സര്‍ക്കാരിന്‍റെ ജനപ്രീതി കുത്തനെ ഇടിച്ചെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര സര്‍വ്വേയിലാണ് കാശ്മീരിലെ ഭീകരാക്രമണം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വ്യക്തമാക്കുന്നത്. എഐസിസി ഡാറ്റാ അനലിസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റാണ് ഇതു സംബന്ധിച്ച സര്‍വ്വേ നടത്തിയത്. എഐസിസി ഡാറ്റാ അനലിസ്റ്റ് വകുപ്പിന്‍റെ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

കര്‍ണാകയിലെ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയടക്കം നിരവധി ബിജെപി നേതാക്കള്‍ ഇത് ഒളിഞ്ഞും തെളിഞ്ഞു പറഞ്ഞിരുന്നു. റാഫേലിന് പകരം ബാലക്കോട്ട് വിഷയം ഉയര്‍ത്തി ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നുമുണ്ട്. ഭീകരതയ്ക്കെതിരായ സൈനിക നടപടിയില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നാണ് സര്‍വ്വേയില്‍ ഉയര്‍ന്ന ആക്ഷേപം.

ബാലക്കോട്ട് തിരിച്ചടി ഉയര്‍ത്തിപിടിക്കുമ്പോഴും കൊല്ലപ്പെട്ട ഭീകരരുടെ കണക്കുകള്‍ വിശദീകരിക്കാനോ മിന്നലാക്രമണത്തിന്‍റെ തെളിവ് നല്‍കാനോ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തീര്‍ത്ത പുകമറയാണ് ബാലക്കോട്ട് തിരിച്ചടിയെന്നാണ് സര്‍വ്വേയില്‍ ഉയര്‍ന്ന അഭിപ്രായം. ബാലക്കോട്ട് തിരിച്ചടിയേയും സൈന്യത്തിന്‍റെ നടപടിയേയും സര്‍വ്വേയില്‍ പങ്കെടുത്ത കൂടുതല്‍ ശതമാനം പേരും പിന്തുണയ്ക്കുമ്പോഴും വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ച ബിജെപി നടപടിയെ 80 ശതമാനം പേരും എതിര്‍ത്തു.