കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി; നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ്

ലീഗിന് മൂന്നാം സീറ്റില്ലാതെ ലീഗ് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തി. പകരം മുന്നോട്ട് വെച്ച ഉപാധികളില്‍ പലതും ഉടന്‍ നടപ്പാക്കാന്‍ കഴിയാത്തതിനാലും സമവായ ഫോര്‍മുല ഉരുത്തിരിഞ്ഞില്ല. നാളെ തീരുമാനം അറിയിക്കാമെന്ന് ലീഗ് കോണ്‍ഗ്രസിനെ അറിയിച്ചു.

മൂന്നാം സീറ്റിനായി മൂന്ന് തവണയാണ് കോണ്‍ഗ്രസ്സുമായി മുസ്ലീം ലീഗ് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. മൂന്നാം സീറ്റ് വേണമെന്ന് ചര്‍ച്ചകളില്‍ ലീഗ് ആവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയല്ല. കടുംപിടുത്തതിലൂടെ സീറ്റ് പിടിച്ചെടുക്കേണ്ടെന്ന നിലപാട് മുസ്ലീം ലീഗ് നേതൃത്വം സ്വീകരിച്ചതായാണ് അറിയുന്നത്. ഇതോടെ മുസ്ലീം ലീഗിന് മൂന്നാം സീറ്റ് കിട്ടില്ലെന്ന് ഏതാണ് ഉറപ്പായി. പകരം വേണ്ട കാര്യങ്ങള്‍ ലീഗ് നേതാക്കള്‍ യോഗത്തില്‍ അറിയിച്ചുവെന്നാണ് സൂചന.

മുമ്പ് രണ്ട് തവണ നടന്ന ചര്‍ച്ചകളിലും സ്വീകരിച്ച നിലപാട് തന്നെയായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്. മൂന്നാമതൊരു സീറ്റ് കൂടി നല്‍കുക പ്രായോഗികമല്ലെന്ന കടുത്ത നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കുന്നതിന് ഹൈക്കമാന്റ് അനുമതി നല്‍കില്ലെന്നും കോണ്‍ഗ്രസ് ചര്‍ച്ചയില്‍ അറിയിച്ചു. യു.ഡി.എഫിന്റെ ഐക്യത്തിന് മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് മുന്നോട്ട് വെച്ചു. രാജ്യസഭാ സീറ്റടക്കമുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള കാലതാമസം ബദല്‍ ഫോര്‍മുലയ്ക്കും തടസമായി.